SignIn
Kerala Kaumudi Online
Sunday, 25 October 2026 3.36 PM IST

'വൈഭവ് തീർത്തും അസ്വസ്ഥനായിരുന്നു, മൂന്നാം നമ്പറിൽ ഇറക്കേണ്ടിയിരുന്നത് സഞ്ജുവിനെയായിരുന്നു'

vaibhav-and-sanju
വൈഭവ് സൂര്യവംശി,​ സഞ്ജു സാംസൺ

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിൽ ഇറക്കിയ മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മൂന്നാം സ്ഥാനത്ത് വൈഭവ് തികച്ചും അസ്വസ്ഥനായിരുന്നുവെന്നും താരത്തിന്റെ ബാറ്റിംഗ് പൊസിഷൻ ടീം മാനേജ്മെന്റ് പുനഃപരിശോധിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.

പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായാണ് വൈഭവ് സൂര്യവംശി പ്ലെയിംഗ് ഇലവനിൽ ഇടംനേടിയത്. സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണിംഗ് സ്ഥാനം നിലനിർത്തിയതോടെ വൈഭവിന് മൂന്നാം നമ്പറിൽ ഇറങ്ങേണ്ടിവരികയായിരുന്നു. എന്നാൽ തനിക്ക് ഒട്ടും പരിചയമില്ലാത്ത മൂന്നാം നമ്പറിൽ ക്രീസിലെത്തേണ്ടിവന്ന വൈഭവിന് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ആറാം ഓവറിൽ ക്രീസിലെത്തിയ താരം എട്ട് പന്തിൽ നാല് റൺസെടുത്ത് പുറത്താവുകയായിരുന്നു. എന്നാൽ താരത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അശ്വിൻ പറഞ്ഞു.

'വൈഭവിനെപ്പോലൊരു യുവതാരത്തെ വിലയിരുത്താൻ സമയമായിട്ടില്ല. വെള്ളത്തിന് പുറത്തുള്ള മീനിനെപ്പോലെ ക്രീസിൽ തികച്ചും അസ്വസ്ഥനായിരുന്നു അവൻ. ഇത്തരം പരിചിതമല്ലാത്ത പൊസിഷനുകളിൽ ബാറ്റ് ചെയ്യുമ്പോൾ പരിചയസമ്പന്നനായ ഒരു താരത്തിന്റെ പിന്തുണ വൈഭവിന് ആവശ്യമായിരുന്നു.'-ആർ അശ്വിൻ പറഞ്ഞു. വൈഭവ്, അഭിഷേക്, സഞ്ജു എന്നിവർ ഒരുമിച്ച് കളിക്കുന്ന ടീമീൽ മാനേജ്മെന്റ് സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റണമെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. മുൻപ് ഇന്ത്യയ്ക്കായി സഞ്ജു ഈ സ്ഥാനത്ത് തിളങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ന്യൂസിലാൻഡ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയെ സഹായിച്ച മദ്ധ്യനിരയുടെ പ്രകടനത്തെ അശ്വിൻ പ്രശംസിച്ചു. തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ എന്നിവരുടെ ബാറ്റിംഗാണ് മത്സരത്തിൽ നിർണായകമായത്. ആറാം, ഏഴാം, എട്ടാം നമ്പറുകളിലെ താരങ്ങൾക്ക് വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള കഴിവുണ്ടെന്നും രമൺദീപിന് പേസ് ബൗളിംഗിനെ മാത്രമല്ല, സ്‌പിന്നിനെയും ആക്രമിക്കാനാകുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Ravichandran Ashwin criticized the team management’s decision to send young batter Vaibhav Suryavanshi at No. 3 in the second T20I against New Zealand, saying the youngster looked uncomfortable and urging the team to reconsider his batting position.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R ASHWIN, R ASHWIN VAIBHAV SOORYAVANSHI BATTING POSITION, ASHWIN CRICKET COMMENTS, SANJUSAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360