
ന്യൂഡൽഹി: ബി.ജെ.പി ഡൽഹിയിൽ വോട്ടിനായി പണം നൽകുന്നെന്നും വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടുന്നുവെന്നും ചൂണ്ടിക്കാട്ടി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ കത്ത്. മറുപടിയായി ബി.ജെ.പിക്കാർ കേജ്‌രിവാളിനും കത്തയച്ചു.
ബി.ജെ.പിയുടെ തെറ്റായ നടപടികളെ ആർ.എസ്.എസ് പിന്തുണയ്ക്കുകയാണോ എന്ന് കേജ്‌രിവാൾ ചോദിച്ചു. ബി.ജെ.പി നേതാക്കൾ പരസ്യമായി പണം വിതരണം ചെയ്‌ത് വോട്ട് വാങ്ങുന്നു. ദളിത്, പൂർവാഞ്ചലി വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ വെട്ടിമാറ്റപ്പെടുന്നു. ഇത് ജനാധിപത്യത്തിന് നല്ലതാണെന്ന് ആർ.എസ്.എസ് കരുതുന്നുണ്ടോ. ബി.ജെ.പി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും കത്തിൽ പറയുന്നു.
നുണയും വഞ്ചനയും അടക്കം തെറ്റായ ശീലങ്ങൾ മാറി പുതുവർഷത്തിൽ അർത്ഥവത്തായ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ കേജ്‌രിവാളിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.ആർ.എസ്.എസ് മേധാവിക്കുള്ള കത്ത് മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്ന് ബി.ജെ.പി നേതാവ് സുധാംശു ത്രിവേദി പറഞ്ഞു. സംഘത്തിന് കത്തെഴുതാതെ സേവന മനോഭാവം അടക്കം അതിൽ നിന്ന് പഠിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയ നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും ത്രിവേദി പറഞ്ഞു.ബി.ജെ.പിയുമായും നേതൃത്വവുമായും ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങളുമായി കേജ്‌രിവാൾ സെപ്തംബറിൽ ഭഗവതിന് കത്തെഴുതിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |