മുംബയ്: ആരോഗ്യത്തിന് ഭീഷണിയാകുന്ന അളവിൽ മെർക്കുറിയും ലെഡും കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ബ്യൂട്ടി ക്രീമുകൾക്ക് മഹാരാഷ്‌ട്രയിൽ നിരോധനം. ഗോറി ബ്യൂട്ടി ക്രീം, ഫേസ് ഫ്രഷ് ഗോൾഡ്, ഗോൾഡൻ ബ്യൂട്ടി ക്രീം എന്നിവയാണ് നിരോധിച്ചത്. ഇവ ഉടൻ വിപണിയിൽനിന്ന് പിൻവലിക്കണമെന്നാണ് മഹാരാഷ്‌ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) ഉത്തരവ്.
ശാസ്‌ത്രീയ പരിശോധനയിൽ ഇവയിൽ അനുവദനീയമായ അളവിനെക്കാൾ കൂടുതൽ മെർക്കുറിയും ലെഡും കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചു. ഇവയുടെ ദീർഘകാല ഉപയോഗം വൃക്കകൾക്കും നാഡീവ്യവസ്ഥയ്‌ക്കും ചർമ്മത്തിനും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നാണ് മുന്നറിയിപ്പ്.
നിരോധനം പ്രഖ്യാപിച്ചതിനുശേഷവും മീഷോ ഉൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഈ ഉൽപ്പന്നങ്ങൾ ഇപ്പോഴും ലഭ്യമാണെന്ന റിപ്പോർട്ടുകൾ ആശങ്ക സൃഷ്‌ടിക്കുന്നു.
നാഗ്‌പൂരിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സത്തേടിയ 18 സ്‌ത്രീകളും ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചിരുന്നവരാണ്. ഈ പൊതുഘടകമാണ് ബ്യൂട്ടിക്രീമുകളുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ശക്തമാക്കാൻ കാരണമായത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് അനുവദിച്ചിട്ടുള്ളതിനെക്കാൾ നൂറിരട്ടിയാണ് ഇതിലെ മെർക്കുറിയുടെ അളവെന്ന് കണ്ടെത്തിയത്.
നിരോധിച്ച ക്രീമുകളിൽ നിർമ്മാതാവിന്റെ പേര്, ബാച്ച് നമ്പർ, നിർമ്മാണ തീയതി, കാലാവധി തുടങ്ങി ഉപഭോക്താക്കൾക്ക് നിർബന്ധമായും ലഭിക്കേണ്ട വിവരങ്ങൾപോലും രേഖപ്പെടുത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
2021-ൽ ന്യൂസിലാൻഡിന്റെ ഔഷധ നിയന്ത്രണ ഏജൻസിയായ മെഡ്സേഫ് നടത്തിയ പരിശോധനയിൽ ഗോറി ബ്യൂട്ടി ക്രീമിൽനിന്ന് അമിത അളവിൽ മെർക്കുറിയും ലെഡും കണ്ടെത്തുകയും അവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. പിന്നീട് ഫിലിപ്പീൻസും ഗോറി ബ്രാൻഡിലെ സമാന ഉൽപ്പന്നങ്ങൾക്കെതിരെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
ചർമ്മത്തിലെ കറുപ്പ് നിറത്തിന് കാരണമായ മെലാനിന്റെ ഉൽപാദനം കുറയ്‌ക്കുന്നതിനാണ് ചില ബ്യൂട്ടി ക്രീമുകളിൽ നിയമവിരുദ്ധമായി മെർക്കുറി ചേർക്കുന്നതെന്ന് ആരോഗ്യവിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത്തരം ക്രീമുകളുടെ തുടർച്ചയായ ഉപയോഗം വൃക്കരോഗം, നാഡീവ്യവസ്ഥയുടെ തകരാർ, കൈകാലുകളിലെ വിറയൽ, ഓർമ്മക്കുറവ് തുടങ്ങിയവയ്‌ക്ക് കാരണമായേക്കാം. ലെഡിന്റെ അമിത സാന്നിദ്ധ്യം തലച്ചോറിനെയും വൃക്കകളെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുമെന്ന് വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |