SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.41 PM IST

അക്രമികൾ എത്തിയത് അഭിഭാഷക വേഷത്തിൽ കോടതിയിൽ ഗുണ്ടാനേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

sanjeev
SANJEEV

ലഖ്നൗ: ഗുണ്ടാ തലവൻ മുക്താർ അൻസാരിയുടെ അനുയായി സഞ്ജീവ് മഹേശ്വരി ജീവയെ ലഖ്നൗ കോടതി പരിസരത്ത് വച്ച് അഭിഭാഷകവേഷത്തിലെത്തിയ അക്രമികൾ വെടിവച്ചുകൊന്നു. ബുധനാഴ്ച വൈകിട്ട് ലഖ്നൗവിലെ എസ്.സി/എസ്.ടി കോടതിയിലാണ് സംഭവം. അക്രമത്തിൽ ഒരു പൊലീസുകാരനും ആറുവയസുകാരിക്കും പരിക്കേറ്റു. ഇവരെ ലഖ്നൗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലെത്തിയ അക്രമികൾ സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സംഭവ സ്ഥലത്തുനിന്നു പ്രതികൾ കടന്നു. സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന വിജയ് യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കൊല്ലപ്പെട്ട സഞ്ജീവ് ജീവ പടിഞ്ഞാറൻ യു.പി.യിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനാണ്. ഇയാളെ ഒരു ക്രിമിനൽ കേസിന്റെ വിചാരണക്കായാണ് ലഖ്നൗ കോടതിയിൽ കൊണ്ടുവന്നത്. ബി.ജെ.പി എം.എൽ.എ ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുക്താർ അൻസാരിയുടെ ശിഷ്യനാണ് സഞ്ജീവ് ജീവ. 2018ൽ കൊല്ലപ്പെട്ട മുന്ന ബജ്രംഗിന്റെ അടുത്ത ആളുമായിരുന്നു സഞ്ജീവ് ജീവ.

രണ്ടുമാസം മുൻപാണ് മുൻ എം.പി.യും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദ് യു.പി. പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ മാദ്ധ്യമ പ്രവർത്തകരെന്ന വ്യാജേനയെത്തിയ അക്രമികളാണ് അതിഖിനെയും സഹോദരനെയും വെടിവച്ച് കൊന്നത്. കേസിൽ മുഖ്യപ്രതികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360