
ചിക്കാഗോ: യുഎസ് സന്ദർശനത്തിനിടെ ചിക്കാഗോ മിഷിഗൺ തടാക തീരത്ത് സൈക്കിൾ ഓടിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വീഡിയോ വൈറൽ. ചിക്കാഗോ നഗരത്തിലൂടെ സൈക്കിൾ സവാരി നടത്തുന്ന വീഡിയോ സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. ‘സായാഹ്ന ശാന്ത അന്തരീക്ഷം പുതിയ സ്വപ്നങ്ങൾക്ക് കളമൊരുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിൻ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 71കാരനായ സ്റ്റാലിന് അനാരോഗ്യമാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്ന് ചിലർ കുറിച്ചു. സ്റ്റാലിൻ വൈകാതെ രാഷ്ട്രീയത്തിൽ നിന്ന് മാറുമെന്നും പാർട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകൻ ഉദയനിധിക്ക് വിട്ടുനൽകുമെന്നുമായിരുന്നു വിമർശകർ പറഞ്ഞിരുന്നത്. അടുത്തിടെ, ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഉൾപ്പെടെയുള്ളവർ സ്റ്റാലിന്റെ ആരോഗ്യനില വഷളായതായി പറഞ്ഞിരുന്നു. നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ പത്ത് ദിവസത്തെ സന്ദർശനത്തിന് യു.എസിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |