ന്യൂഡൽഹി:കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കുന്ന വീഡിയോകൾ കാണുന്നവർക്കെതിരെയുള്ള വിധിയിൽ, കുട്ടികളെ ബോധവൽക്കരിക്കേണ്ട വിഷയങ്ങളിലേക്കും സുപ്രീം കോടതി വിരൽചൂണ്ടി. ആരോഗ്യകരമായ ബന്ധങ്ങളുടെ സ്വഭാവം, ലൈംഗികബന്ധത്തിനുള്ള പ്രായപരിധിയും അനുമതിയും, ശരിയായ പെരുമാറ്റങ്ങളും സ്‌പർശനങ്ങളും, ചൂഷണം മനസിലാക്കി പിന്മാറുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കണം. ഇതിനായി സ്‌കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം നൽകണം. പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാർ വിദഗ്ദ്ധസമിതി രൂപീകരിക്കണം. പാശ്ചാത്യ ആശയമാണെന്നും ഇന്ത്യൻ സാഹചര്യങ്ങളിൽ നടപ്പാകില്ലെന്നും വാദമുണ്ട്. ഈ പൊതുധാരണ യുവജനത്തിന് ശരിയായ വിവരങ്ങൾ ലഭ്യമാകുന്നതിന് തടസമാണ്. ഇന്റർനെറ്റിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ അവർക്ക് ലഭിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇരകളെ ചേർത്തുപിടിക്കണം
# ഇരകളെ സാമൂഹ്യമായി ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവരുടെ മുറിവുണക്കണം. ഓരോ തവണയും വീഡിയോ കാണപ്പെടുമ്പോൾ അവരുടെ മുറിവുകൾ വലുതാകുന്നു.
# അതിക്രമത്തിനിരയാക്കുന്നവർ കുട്ടിയെ വസ്‌തുവായാണ് കാണുന്നത്. കുട്ടിയുടെ അന്തസ് പൂർണമായും അവഗണിക്കപ്പെടുന്നു. മാനവികതയ്‌ക്ക് എതിരാണിത്. മൗലികാവകാശ ലംഘനവും. ചൂഷണം ചെയ്യുന്നവരെയും, വീഡിയോകൾ കാണുന്നവർക്കെതിരെയും കടുത്ത നടപടി തന്നെയുണ്ടാകണം.
# ഇരകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മെഡിക്കൽ സഹായം ഉൾപ്പെടെ കേന്ദ്രം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. വീഡിയോ കാണുന്നവർക്ക് കൗൺസലിംഗും ചികിത്സയും ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |