
ന്യൂഡൽഹി : രാജ്യത്തെ മദ്രസ വിദ്യാഭ്യാസത്തിന് പച്ചക്കൊടി കാട്ടി സുപ്രീംകോടതിയുടെ ചരിത്രവിധി. 2004ൽ മുലായം സിംഗ് സർക്കാർ കൊണ്ടുവന്ന ഉത്തർപ്രദേശ് ബോർഡ് ഒഫ് മദ്രസ എഡ്യൂക്കേഷൻ ആക്‌ടിന്റെ ഭരണഘടനാ സാധുത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ മാർച്ചിലെ വിധി റദ്ദാക്കി.
അതേസമയം, മദ്രസകൾ ഉന്നത ബിരുദങ്ങൾ നൽകുന്നതിനുള്ള വ്യവസ്ഥ യു.ജി.സി നിയമത്തിനും ഭരണഘടനയ്‌ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കി.
ഓൾ ഇന്ത്യ ടീച്ചേഴ്സ് അസോസിയേഷൻ മദ്രിസ് അറേബിയ, യു.പിയിലെ മാനേജേഴ്സ് അസോസിയേഷൻ മദ്രിസ് അറേബിയ തുടങ്ങിയ സംഘടനകളുടെ ഹർജികളിലാണ് സുപ്രധാന വിധി.
ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച്, മദ്രസകൾ അടച്ചു പൂട്ടണമെന്നും അവയുടെ സർക്കാർ ഫണ്ട് നിർത്തലാക്കണമെന്നും മദ്രസകളിലെ കുട്ടികളെ സ്കൂളുകളിലേക്ക് മാറ്റണമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്റെ വാദങ്ങളും സുപ്രീംകോടതി തള്ളി.
ബിരുദം നൽകാനാകില്ല
മദ്രസ ബോർഡിന് ബിരുദമായ 'കാമിൽ', ബിരുദാനന്തര ബിരുദമായ 'ഫാസിൽ' എന്നിവ നൽകാനാകില്ല. ബിരുദ സർട്ടിഫിക്കറ്റുകൾ യു.ജെ.സിയുടെ അധികാര പരിധിയിലാണ്.
നിയമം ന്യൂനപക്ഷ താത്പര്യത്തിന്
ന്യൂനപക്ഷങ്ങൾക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അവകാശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസം, പരീക്ഷാനടത്തിപ്പ് തുടങ്ങിയ വ്യവസ്ഥകൾ ന്യൂനപക്ഷ താത്പര്യം സംരക്ഷിക്കുന്നതാണ്. മദ്രസ വിദ്യാഭ്യാസം കുട്ടികൾക്ക് സമൂഹത്തിൽ പങ്കാളികളാവാനും ഉപജീവനത്തിനും പ്രാപ്തി നൽകുന്നു എന്നും വിധി വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മദ്രസകൾ ( ഏകദേശ കണക്ക് )
ഇന്ത്യയിൽ ആകെ: 38,000 (28,000 രജിസ്റ്റേഡ് )
വിദ്യാർത്ഥികൾ: 20 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |