ലക്‌നൗ: ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഉത്തർപ്രദേശിലെ കർഹാൽ നിയോജക മണ്ഡലത്തിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിേ. സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്നു പറഞ്ഞതിന് പാർട്ടിയുടെ പ്രാദേശിക പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചതോടെ സംഭവം രാഷ്ട്രീയ വാക്പോരിലെത്തി. മെയിൻപുരി സ്വദേശിയായ 23 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് സമാജ്‌വാദി പ്രവർത്തകരായ പ്രശാന്ത് യാദവ്, മോഹൻ കതേരിയ എന്നിവരെ അറസ്റ്റ് ചെയ്‌തു. ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാണ് പ്രതികൾ മകളെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കൾ മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഡോക്ടർ മോഹൻ കതേരിയയുടെ സഹായത്തോടെ പ്രശാന്ത് യാദവ് വിഷം നൽകി കൊലപ്പെടുത്തി.
പ്രശാന്ത് യാദവ് മൂന്ന് ദിവസം മുമ്പ് വീട്ടിൽ വന്ന് ഏത് പാർട്ടിക്കാണ് വോട്ടുചെയ്യുകയെന്ന് ചോദിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച വീട്ടിലാണ് തങ്ങൾ താമസിക്കുന്നത്. അതിനാൽ ബി.ജെ.പിക്കാണ് വോട്ടുചെയ്യുകയെന്ന് മകൾ മറുപടി നൽകി. ഇതോടെ പ്രശാന്ത് അവളെ ഭീഷണിപ്പെടുത്തുകയും പാർട്ടി ചിഹ്നമായ സൈക്കിളിന് വോട്ടുചെയ്യാൻ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും മാതാപിതാക്കൾ പറഞ്ഞു.
ഇതോടെ സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞതിനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി എക്സിൽ കുറിച്ചു. സംഭവത്തിൽ സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കുറ്റവാളികൾക്ക് കഠിന ശിക്ഷ തന്നെ നൽകണമെന്ന് പാർട്ടിയുടെ കർഹാൽ സ്ഥാനാർത്ഥി തേജ് പ്രതാപ് യാദവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |