SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

എ.ആർ.റഹ്മാൻ- സൈറ വേർപിരിയൽ, പിന്നിൽ മോഹിനിയല്ല, വെളിപ്പെടുത്തലുകളുമായി അഭിഭാഷക

d

ചെന്നൈ: എ.ആർ.റഹ്മാൻ-സൈറ വേർപിരിയൽ വാർത്തക്കുപിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം ബേസിസ്റ്റ് മോഹിനി ഡേയും ദാമ്പത്യബന്ധം അവസാനിപ്പിച്ചത് വിവാദത്തിനു വഴിവച്ചിരുന്നു. രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പലരും വിലയിരുത്തി. ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ.

റഹ്മാൻ- സൈറ വേർപിരിയലിന് മോഹിനിയുടെ വിവാഹമോചനവുമായി യാതൊരു ബന്ധമില്ലെന്ന് വന്ദന വ്യക്തമാക്കി. ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണ് വേർപിരിഞ്ഞതെന്നും മാന്യമായി പിരിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. 'എല്ലാ വിവാഹബന്ധങ്ങളിലും ഉയർച്ച താഴ്ചകളുണ്ട്. മാന്യമായാണ് ആ ബന്ധം അവസാനിപ്പിച്ചത്. ഇരവരും പരസ്പരം പിന്തുണ തുടരും' -വന്ദന ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. വിവാഹമോചനത്തിൽ സാമ്പത്തിക ഒത്തുതീർപ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ബന്ധം വേർപിരിയുന്നത് പരസ്പരബഹുമാനത്തോടെയാണെന്നും അവർ ആവർത്തിച്ചു. ഇരുവരും പക്വതയോടെയാണ് വിഷയം കൈകാര്യംചെയ്തത്. തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ല. അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും വന്ദന പറഞ്ഞു.

റഹ്മാനും സൈറയും വേർപിരിയുകയാണെന്ന വിവരം വന്ദനാ ഷായാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്ന് വന്ദനാ ഷാ പറഞ്ഞു. പിന്നാലെ വൈകാരികമായി പ്രതികരിച്ച് റഹ്മാനും രംഗത്തെത്തി. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും റഹ്മാൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

വിരസതയും അവിഹിതവും

ബോളിവുഡിൽ നടക്കുന്ന ദാമ്പത്യ തകർച്ചകൾക്ക് കാരണം വിരസതയാണെന്ന് ഇതേ അഭിമുഖത്തിൽ വന്ദന പറയുന്നു. ബോളിവുഡിൽ അവിഹിതമുണ്ടെന്നും അവർ പറഞ്ഞു. റഹ്മാന്റെ വിവാഹമോചനവുമായി ബന്ധപ്പെടാതെ പൊതുവായി സംസാരിക്കുകയായിരുന്നു അവർ.

ബോളിവുഡ് താരങ്ങളുടെ ജീവിതം വ്യത്യസ്തമാണ്. ദാമ്പത്യ തകർച്ചയ്ക്ക് കാരണം വിശ്വാസവഞ്ചനയാണെന്ന് കരുതുന്നില്ല. ദാമ്പത്യ ജീവിതത്തിലെ വിരസതയാണ് അതിന് കാരണം. ബോളിവുഡ് താരങ്ങളും സമ്പന്ന കുടുംബങ്ങളും ഒരു ബന്ധത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഈ വിരസതയാലാണ്.

രണ്ടാമതായി ബോളിവുഡ് താരങ്ങളുടേത് വ്യത്യസ്തമായ ലൈംഗിക ജീവിതമാണ്. ഒരു സാധാരണക്കാരൻ വിവാഹം കഴിക്കുമ്പോൾ ചിന്തിക്കുന്ന ലൈംഗിക ജീവിതത്തേക്കാൾ അപ്പുറത്തായിരിക്കും അവരുടെ പ്രതീക്ഷ. മൂന്നാമതായി അവിഹിത ബന്ധങ്ങളുമുണ്ട്. എനിക്കുവന്ന കേസുകളുടെ പശ്ചാത്തലത്തിലാണ് പറയുന്നത്. വിരസത, പ്രാധാന്യം നൽകാതിരിക്കൽ, അല്ലെങ്കിൽ വിവാഹത്തിന്റെ ഭാഗമല്ലാത്ത മറ്റുള്ളവരെ ശ്രദ്ധിക്കുക എന്നിവയാണ് ബോളിവുഡിലെ ദാമ്പത്യ തകർച്ചയ്ക്ക് കാരണമായ പ്രധാന പ്രശ്നങ്ങൾ.' -അവർ പറയുന്നു.

പിന്നിൽ സാമ്പത്തിക ഇടപാട്

അതിനിടെ വേർപിരിയലിനു പിന്നിൽ സാമ്പത്തിക തർക്കമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു.

റഹ്മാന്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് സൈറയാണ്. മൂന്നുവർഷം മുൻപ് കാനഡയിൽ നടന്ന സ്റ്റേജ് ഷോയുടെ പ്രതിഫലം സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ പ്രശ്നമാണ് വേർപിരിയൽ പ്രഖ്യാപനത്തിന് കാരണമെന്നും റിപ്പോർട്ടുണ്ട്. ഒരു പാട്ടിന് എട്ടു കോടി മുതൽ 10 കോടി വരെയാണ് റഹ്മാന്റെ പ്രതിഫലം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360