
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയ്ക്കായി വ്യാജ രേഖ ചമച്ച കേസിൽ മുൻ ഐ.എസ്.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. അറസ്റ്റ് തടഞ്ഞ് ആഗസ്റ്റിൽ നൽകിയ ജാമ്യം കോടതി റദ്ദാക്കി. പൂജയ്ക്കെതിരെയുള്ള കേസ് ശക്തമാണെന്ന് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് നിരീക്ഷിച്ചു. ദുർബല വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾക്ക് അർഹതയില്ലാത്ത പൂജ വ്യാജ രേഖ ചമച്ച് അതു നേടിയത് ഗൗരവമായി കാണുന്നെന്നും പറഞ്ഞു. പൂജയുടെ നടപടി സംവരണ സമ്പ്രദായത്തെ അടക്കം തകർക്കാനുള്ള വൻ ഗൂഢാലോചനയുടെ ഭാഗമാണ്. യു.പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ച പൂജ സമൂഹത്തെയാണ് വഞ്ചിച്ചത്. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. പൂജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |