
ന്യൂഡൽഹി: ഡൽഹിയിൽ കഫേ ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയുടെ ക്രൂര പീഡനമെന്ന് റിപ്പോർട്ട്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പുനീത് ഖുറാന ചിത്രീകരിച്ച വീഡിയോയിൽ ഭാര്യ മനിക പഹ്വയുടെ പീഡനത്തെക്കുറിച്ച് പറയുന്നു. വിവാഹമോചനത്തിനായി 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
വിവാഹമോചന തർക്കം തുടരുന്നതിനിടെയാണ് പുനീതിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.
പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന നടപടികൾ ആരംഭിച്ചത്. എന്നാൽ പിന്നീട് അത് ഭാര്യയും ഭാര്യയുടെ മാതാപിതാക്കളുമായുള്ള വലിയ വാക്കുതർക്കത്തിലേക്ക് നീങ്ങിയെന്നും പുനീത് വീഡിയോയിൽ പറയുന്നു.
താങ്ങാൻ കഴിയാത്ത സാമ്പത്തിക ഭാരമാണ് തന്റെ മേൽ ഏൽപിച്ചത്. ഭാര്യയുടേയും അവരുടെ മാതാപിതാക്കളുടെയും
കടുത്ത പീഡനം കാരണം ആത്മഹത്യ ചെയ്യാൻ പോകുകയാണ്. ഞങ്ങളുടെ വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായതിനാൽ ഞങ്ങൾ കോടതിയിൽ ചില വ്യവസ്ഥകളിൽ ഒപ്പുവച്ചിട്ടുണ്ട്. 180 ദിവസത്തിനുള്ളിൽ ഞങ്ങൾ ആ നിബന്ധനകൾ നിറവേറ്റണം. എന്നാൽ ഇപ്പോൾ അതിലില്ലാത്ത ഒരു പുതിയ നിബന്ധനയുടെ പേരിൽ എന്നെ സമ്മർദ്ദത്തിലാക്കുകയാണ്. അത്രയും പണം കൊടുക്കാനുള്ള സാമ്പത്തികശേഷി എനിക്കില്ല. എന്റെ മാതാപിതാക്കളോടും ചോദിക്കാൻ പറ്റില്ല. പുനീത് വിശദീകരിക്കുന്നു.
ചൊവ്വാഴ്ചയാണ് പുനീത് ഖുറാനയെ മോഡൽ ടൗണിലെ കല്യാൺ വിഹാർ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹമോചനം നേടാനുള്ള ശ്രമത്തിലായിരുന്നുവെന്നും ഇരുവർക്കുമിടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പുനീതിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
മാനസിക പീഡനം: ഭാര്യ
പുനീതിന്റെ മരണത്തിന് ആറ് ദിവസങ്ങൾക്ക് മുമ്പ് ഭാര്യ മനിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരുന്നു. ദാമ്പത്യത്തിലെ ടോക്സിസിറ്റിയെ കുറിച്ചും മാനസിക പീഡനങ്ങളെ കുറിച്ചുമാണ് പരാമർശിച്ചിരുന്നത്. താൻ സുഖം പ്രാപിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു. പീഡകർ എന്നെങ്കിലും കണ്ണാടിയിൽ നോക്കണമെന്നും ദയ, സ്‌നേഹം, വിവേകം,കരുതൽ എന്നിവയാണ് യഥാർത്ഥ പുണ്യങ്ങളെന്നും അവ പണം, സ്വത്ത്, സ്വർണം എന്നിവയേക്കാൾ പ്രാധാന്യം അർഹിക്കുന്നുവെന്ന് മനസ്സിലാക്കണമെന്നും പറയുന്നു.
മനികയുമായി ഫോണിൽ സംസാരിച്ച പുനീതനിന്റെ കാൾ റെക്കോഡ് പുറത്തുവന്നിരുന്നു. കഫേയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും തർക്കിക്കുന്നതാണ് 15 മിനിറ്റ് ദൈർഘ്യമുള്ള കാളിലുള്ളത്. താനിപ്പോഴും ബിസിനസ് പാർട്ണർ ആണെന്നും തരാനുള്ളത് തന്ന് തീർക്കണമെന്നും മനിക പുനീതിനോട് പറയുന്നുണ്ട്. തന്റെ ജീവിതം നശിക്കാൻ കാരണം പുനീതാണെന്ന് പറയുന്ന മനിക ഭർത്താവിനെതിരോ മോശം വാക്കുകളും ഉപയോഗിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |