
ന്യൂഡൽഹി : മലയാളി ജഡ്ജിയായ ജസ്റ്റിസ് സി.ടി. രവികുമാറിന് യാത്രയയപ്പ് നൽകി സുപ്രീംകോടതിയും അഭിഭാഷക അസോസിയേഷനും. ഇന്നലെ ജസ്റ്രിസ് രവികുമാറിന്റെ അവസാന സിറ്റിംഗ് ദിനമായിരുന്നു. നാളെയാണ് റിട്ടയർമെന്റ്.
ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസ് കോടതിയിൽ യാത്രയയപ്പിന്റെ ഭാഗമായി സെറിമോണിയൽ ബെഞ്ച് ചേർന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവർക്കൊപ്പം ജസ്റ്റിസ് രവികുമാർ സിറ്റിംഗിനിരുന്നു. വൈകുന്നേരം സുപ്രീംകോടതി ബാർ അസോസിയേഷൻ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. ജസ്റ്രിസ് സി.ടി. രവികുമാർ, പ്രക്ഷുബ്ധമായ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് വഴികാട്ടുന്ന വിളക്കുമാടമാണെന്ന് ചടങ്ങിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രകീർത്തിച്ചു. കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജി പദവി വരെയെത്തി. എല്ലാവർക്കും അദ്ദേഹം പ്രചോദനമാണെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.സാധാരണയായി ക്രിക്കറ്റിൽ സെക്കൻഡ് ഇന്നിംഗ്സിലാണ് ബാറ്റ്സ്മാൻ മികച്ച പ്രകടനം നടത്തുന്നത്. തന്റെ സെക്കൻഡ് ഇന്നിംഗ്സും മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിസ് രവികുമാർ പറഞ്ഞു. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ മെമെന്റോ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |