
യു.ജി.സിക്ക് നാലാഴ്ച സമയം
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചെന്നും എന്തു നടപടി സ്വീകരിച്ചെന്നും അറിയിക്കാൻ യു.ജി.സിക്ക് സുപ്രീംകോടതി നിർദ്ദേശം.
ജാതി വേർതിരിവില്ലാതെ തുല്യ അവസരം ഉറപ്പാക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സെൽ രൂപീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ കൈമാറണം. സർവകലാശാലാ സെല്ലുകൾ രൂപീകരിക്കാൻ സ്വീകരിച്ച നടപടികളും അറിയിക്കണം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദളിത് വിദ്യാർത്ഥികളായിരുന്ന രോഹിത് വെമുലയുടെയും ഡോ. പായൽ തഡ്‌വിയുടെയും ആത്മഹത്യയുടെ പശ്ചാത്തലത്തിലാണിത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത് വിദ്യാർത്ഥികൾക്ക് മികച്ച അന്തരീക്ഷമൊരുക്കാൻ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിതിന്റെ അമ്മ രാധികയും പായലിന്റെ അമ്മ അബേദ സലീം തഡ്‌വിയും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
2004 മുതൽ 2024 വരെ രാജ്യത്തെ ഐ.ഐ.ടികളിൽ മാത്രം 115 ആത്മഹത്യകളുണ്ടായെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യയുടെ കണക്ക് കോടതി തേടണം.
ഓരോ വിഷയമായി പരിഗണിച്ച് വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. സത്യവാങ്മൂലം സമർപ്പിക്കാൻ യു.ജി.സിക്കും കേന്ദ്രസർക്കാരിനും നാലാഴ്ച സമയം അനുവദിച്ചു.
വിവേചനത്തിന്റെ
രക്തസാക്ഷികൾ
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ആത്മഹത്യ ചെയ്‌തത്. അംബേദ്‌ക്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകനായിരുന്ന രോഹിത് ക്യാമ്പസിലെ ജാതിവിവേചനത്തിന്റെ ഇരയാണെന്നാണ് ആക്ഷേപം. തന്റെ ജനനം തന്നെയാണ് തനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമെന്ന് രോഹിത് ആത്മഹത്യാക്കുറിപ്പിലെഴുതി
2019 മേയ് 22നാണ് മുംബയ് ടി.എൻ. ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ പട്ടികവർഗ വിദ്യാർത്ഥിയായ പായൽ തഡ്‌വി ആത്മഹത്യ ചെയ്‌തത്. ജാതിപറഞ്ഞുളള അധിക്ഷേപവും, പീഡനവുമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് ആരോപണമുയർന്നു. മൂന്ന് സീനിയർ മെഡിക്കൽ വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്‌തിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |