
റായ്‌പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്രുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ജില്ലാ റിസർവ് ഗാർഡിന്റെ (ഡി.ആർ.ജി) ഹെഡ് കോൺസ്റ്റബിൾ സന്നു കരമാണ് വീരമൃത്യു വരിച്ചത്. നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള തെക്കൻ അബുജ്മാദിലെ വനത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. നാരായൺപൂർ, ദന്തേവാഡ, ജഗ്ദൽപൂർ, കൊണ്ടഗാവ് ജില്ലകളിൽ നിന്നുള്ള ഡി.ആർ.ജി ടീമുകളെ ഏകോപിപ്പിച്ചാണ് പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) വെള്ളിയാഴ്ച ഓപ്പറേഷൻ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ യൂണിഫോം ധരിച്ച
നാല് മൃതദേഹങ്ങളും കണ്ടെത്തി. എ.കെ 47, എസ്.എൽ.ആർ ഉൾപ്പെടെയുള്ള നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മേഖലയിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. ഏറ്റമുട്ടൽ ആരംഭിച്ച ശേഷം ഇടയ്ക്കിടെ മണിക്കൂറുകളോളം വെടിവയ്പ് റിപ്പോർട്ട് ചെയ്തിരുന്നു. 2026ഓടെ മാവോയിസ്റ്റുകളെ പൂർണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം 200ലധികം
കഴിഞ്ഞ വർഷം ഛത്തീസ്ഗഢിൽ മാത്രം വിവിധ ഏറ്റുമുട്ടലുകളിലൂടെ 200ലധികം മാവോയിസ്റ്റുകളെയാണ് വധിച്ചത്. ഇതിൽ 217 മാവോയിസ്റ്റുകളും ബസ്തർ മേഖലയിൽ നിന്നുള്ളവരാണ്. 800ലധികം പേർ അറസ്റ്റിലായി. നിരവധി പേർ കീഴടങ്ങി. കഴിഞ്ഞ വർഷം 18 സുരക്ഷാ ഇദ്യോഗസ്ഥരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |