
ന്യൂഡൽഹി: പഞ്ചാബ് ലുധിയാന വെസ്റ്റിൽ നിന്നുള്ള ആം ആദ്മി പാർട്ടി എം.എൽ.എ ഗുർപ്രീത് ഗോഗി (58) വെടിയേറ്റ് മരിച്ചു. വസതിയിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റെന്നാണ് കരുതുന്നത്. 25 ബോർ പിസ്റ്റളിൽ നിന്ന് തലയ്ക്ക് വെടിയേറ്റ ഗോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയാണോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിൽ അക്കാര്യം വ്യക്തമാകുമെന്നും ലുധിയാന പോലീസ് കമ്മിഷണർ കുൽദീപ് സിംഗ് ചാഹൽ വ്യക്തമാക്കി. പുരാതന വസ്തുക്കളോട് അഭിനിവേശമുള്ളതിനാൽ ഗോഗി വിന്റേജ് കാറുകൾ, തോക്കുകൾ, പോസ്റ്റൽ ടിക്കറ്റുകൾ, നാണയങ്ങൾ, പുസ്തകങ്ങൾ എന്നിവ ശേഖരിച്ചിരുന്നു. സ്വകാര്യ ഹോസ്റ്റൽ, ഗൺ ഹൗസ്, ടാക്സി സർവീസ് തുടങ്ങിയ ബിസിനസുകളുമുണ്ട്.
22 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഗോഗി 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആം ആദ്മിയിൽ ചേർന്നത്. ലുധിയാന വെസ്റ്റിൽ മുൻ കോൺഗ്രസ് മന്ത്രിയും രണ്ടുതവണ എം.എൽ.എയുമായ ഭരത് ഭൂഷൺ ആഷുവിനെ 7,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. കോൺഗ്രസിലായിരുന്ന സമയത്ത് ലുധിയാന മുനിസിപ്പൽ കോർപ്പറേഷനിൽ നാല് തവണ കൗൺസിലറും ലുധിയാന (അർബൻ) മുൻ ജില്ലാ പ്രസിഡന്റുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |