SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

ബി.ജെ.പി കള്ളവോട്ടുകൾ ഇറക്കുമതി ചെയ്‌തു: ആം ആദ്‌മി

d

ന്യൂഡൽഹി: ബി.ജെ.പി ഡൽഹിക്കു പുറത്തുനിന്ന് കള്ളവോട്ടുകൾ ഇറക്കുമതി ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ആം ആദ്‌മി പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ബി.ജെ.പി സ്ഥാനാർത്ഥി വർമ്മയുടെ വിലാസം ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 33 വീതം വോട്ടുകൾ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലേക്ക് മാറ്റിയെന്നാണ് ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ പരാതി. ഇതിന്റെ പേരിൽ പർവേഷിനെ അയോഗ്യനാക്കണമെന്നും ആവശ്യമുണ്ട്.

ചില കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും വസതികളിൽ നിന്നാണ് വ്യാജ വോട്ടുകൾക്കുള്ള അപേക്ഷകൾ പൂരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. 30 അപേക്ഷകൾ ഡൽഹിയിലെ ഒരു ചേരിയിൽ നിന്നാണ് വന്നത്. 40 വോട്ടർമാരുടെ അപേക്ഷകൾ ഒരു ചെറിയ കടയുടെ വിലാസത്തിലും. ഇവരൊക്കെ ആരാണെന്ന് വ്യക്തമാക്കണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു.

ന്യൂഡൽഹി നിയമസഭാ സീറ്റിലെ വോട്ടർ പട്ടികയിൽ ക്രമരഹിതമായ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയെന്ന ആം ആദ്മി പാർട്ടിയുടെ പരാതി അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. വോട്ടർ പട്ടികയിൽ മാറ്റം വരുത്തുന്ന പിൻവാതിൽ തന്ത്രങ്ങൾ ബി.ജെ.പി പതിവാണെന്ന് കേജ്‌രിവാൾ ആരോപിച്ചു. മുൻകാലങ്ങളിലെ ബൂത്ത് പിടിച്ചെടുക്കലിനെക്കാൾ മോശമാണിത്. അന്നൊക്കെ പകൽ വെളിച്ചത്തിൽ ചെയ്‌തതിനാൽ കുറ്റവാളികളുടെ മുഖം കാണാമായിരുന്നുവെന്നും കേജ്‌രിവാൾ പറഞ്ഞു. ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ 5500 യഥാർത്ഥ വോട്ടുകൾ (മൊത്തം വോട്ടർമാരുടെ 5.5%) ഇല്ലാതാക്കാനും 13,000 വ്യാജ വോട്ടുകൾ (മൊത്തം വോട്ടർമാരുടെ 13%) ചേർക്കാനും ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് ആംആദ്‌മി പാർട്ടി ആരോപണം.


ബിദുരി മുഖ്യമന്ത്രി സ്ഥാനാർത്ഥി

കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന മുൻ എം.പി രമേശ് ബിദുരിയെ ബി.ജെ.പി വൈകാതെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്ന് കേജ്‌രിവാൾ. ബിദുരിയും ആം ആദ്‌മി മുഖ്യമന്ത്രി സ്ഥാനാത്ഥിയായ താനുമായി സംവാദം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി രണ്ടാം പട്ടിക

ഡൽഹി തിരഞ്ഞെടുപ്പിനുള്ള 29 പേരുടെ രണ്ടാം പട്ടിക ബി.ജെ.പി പുറത്തിറക്കി. നേരത്തെ 29 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പുതിയ പട്ടികയിൽ അഭയ് വർമ്മയെ സിറ്റിംഗ് സീറ്റായ ലക്ഷ‌്‌മി നഗറിൽ നിലനിർത്തി. മുൻ എം.എൽ.എ കപില മിശ്ര(കരാവൽ നഗർ), മുൻ ഡൽഹി മുഖ്യമന്ത്രി മദൻ ലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന( മോത്തി നഗർ) എന്നിവരും പട്ടികയിലുണ്ട്.

സ്ഥാനാർത്ഥികളെ

പ്രഖ്യാപിച്ച് ആർ.പി.ഐ

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ ഭാഗമായ റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ (അതാവാലെ), ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 15 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. മറ്റ് സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കുമെന്നും എൻ.ഡി.എ സർക്കാരിൽ മന്ത്രിയായ രാംദാസ് അത്താവലെയുടെ പാർട്ടി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360