
ഐ.സി.യുവിൽ നിന്ന് മാറ്രി
അക്രമത്തിന് അധോലോക ബന്ധമില്ല
മുംബയ് : ബാന്ദ്രയിലെ വീട്ടിൽ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ നിലയിൽ നല്ല പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. സെയ്ഫ് മുറിയിൽ നടന്നെന്ന് മുംബയ് ലീലാവതി ആശുപത്രിയിലെ ഡോ. നിതിൻ ഡാംഗെ അറിയിച്ചത് ആരാധകർക്ക് ആശ്വാസം പകർന്നു. മുതുകിലെ ആഴത്തിലുള്ള മുറിവിൽ അണുബാധയുണ്ടാകാതിരിക്കാൻ ഒരാഴ്ചത്തെ പൂർണവിശ്രമം ആവശ്യമാണ്.
അതേസമയം, അക്രമത്തിന് അധോലോക ബന്ധമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ സ്ഥിരീകരിച്ചു. അധോലോക സംഘത്തിലെ അംഗമല്ല അക്രമി. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി നടൻ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം പറഞ്ഞു. ബിഷ്ണോയി സംഘത്തിന്റെ പങ്ക് പൊലീസ് സംശയിച്ചിരുന്നു. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
വ്യാഴാഴ്ച പുലർച്ചെ 2.30ന് നടന്ന അക്രമത്തിൽ നടന് ആറു കുത്തേറ്റിരുന്നു. കൈയിലും കഴുത്തിലും ആഴത്തിലുള്ള കുത്തുകളേറ്റു. നട്ടെല്ലിൽ നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കിയത്. രണ്ട് മില്ലിമീറ്റർ കൂടി താഴ്ന്നിരുന്നെങ്കിൽ കാര്യം ഗുരുതരമാകുമായിരുന്നു. നിലവിൽ പക്ഷാഘാതത്തിനുള്ള സാദ്ധ്യതയില്ല.
പിടികൂടിയയാളെ വിട്ടയച്ചു
പ്രതിയുടെ മുഖസാദൃശ്യം കണ്ട് മുംബയ് പൊലീസ് ഇന്നലെ ഒരാളെ പിടികൂടിയെങ്കിലും ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. പ്രതി പിടിയിലായെന്ന് ആദ്യം വാർത്ത പരന്നെങ്കിലും പിന്നീടത് മാദ്ധ്യമങ്ങൾ പിൻവലിച്ചു. ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവിന്റെ ദൃശ്യങ്ങൾ ഇതിനോടകം വ്യാപകമായി പ്രചരിച്ചു.
വീട്ടുജോലിക്കാർക്ക് ബന്ധം ?
സെയ്ഫിന്റെ വീട്ടിലെ 11ാം നിലയിലാണ് സംഭവം നടന്നത്. ഫയർ എസ്കേപ്പ് ഗോവണിയിലൂടെ പ്രതി മുകളിലത്തെ നിലയിലേക്ക് പോകുന്ന, വ്യാഴാഴ്ച പുലർച്ചെ 1.37ന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. ചുവന്ന തൂവാല കൊണ്ട് മുഖം മറച്ച്, തോളിൽ ബാഗും തൂക്കിയാണ് അക്രമിയെത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. സെയ്ഫിന്റെ വീട്ടുജോലിക്കാരിൽ ആർക്കെങ്കിലും അക്രമിയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചിലർ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
ഷാരൂഖിന്റെ വീടിന്
സമീപവുമെത്തി
നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾ ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ കൂടുതൽ സി.സി ടിവി ദൃശ്യങ്ങൾ പുറത്ത്. ഷാരൂഖിന്റെ വീടിന് സമീപത്ത് നിൽക്കുന്ന ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജനുവരി 14-ാം തീയതിയിലെ ദൃശ്യങ്ങളാണിത്. കറുത്ത ടി -ഷർട്ട് ധരിച്ച ഒരാൾ ബാക്ക്പാക്കുമായി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ. വെളുത്ത തുണി കൊണ്ട് മുഖം മറച്ചിട്ടുമുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മകൻ തൈമൂറിനൊപ്പം സെയ്ഫ് സിംഹത്തെ പോലെ ആശുപത്രിയിൽ നടന്നു. രക്തത്തിൽ കുളിച്ചിരുന്നെങ്കിലും സ്ട്രെച്ചർ ഉപയോഗിച്ചില്ല
നീരജ് ഉത്തമാനി,
ലീലാവതി ആശുപത്രി സി.ഇ.ഒ
ശരീരത്തിൽ നിന്ന് രക്തം ചീറ്റുമ്പോഴും ഓട്ടോയിൽ സെയ്ഫ് ശാന്തനായാണ് ഇരുന്നത്. പത്തു മിനുട്ട് കൊണ്ട് ആശുപത്രിയിലെത്തിക്കാനായി
ഭജൻ സിംഗ് റാണ,
ഓട്ടോ ഡ്രൈവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |