
ന്യൂഡൽഹി : ഡൽഹിയിലെ വോട്ടെടുപ്പിന് 13 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാക്പോര് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളും. രാജ്യതലസ്ഥാനത്ത് മദ്യം സുലഭം. ശുദ്ധജലം കിട്ടാക്കനിയാണെന്ന് മോദി ആരോപിച്ചു. ഇന്നലെ വീഡിയോ കോൺഫറൻസിംഗ് മുഖേന ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ബൂത്തിലും 50 ശതമാനത്തിലേറെ വോട്ടുകൾ പാർട്ടിക്ക് ഉറപ്പാക്കണമെന്ന് പ്രവർത്തകരോട് പറഞ്ഞു. ആം ആദ്മി ദുരന്തമാണെന്ന് ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ ആഡംബര വസതി, ജനങ്ങളോട് ആം ആദ്മി കാട്ടിയ ചതിക്ക് തെളിവാണ്. യമുന വൃത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും കുറ്റപ്പെടുത്തി. ബി.ജെ.പി ഗുണ്ടായിസവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് കേജ്‌രിവാൾ ആരോപിച്ചു. ആം ആദ്മി പ്രവർത്തരെ ആക്രമിക്കുകയാണ്. പ്രചാരണ സാമഗ്രികൾ കത്തിക്കുന്നു.
മദ്ധ്യവർഗത്തെ
ലക്ഷ്യമിട്ട്
മദ്ധ്യവർഗ വോട്ടുകൾ ഉന്നമിട്ടുള്ള പ്രചാരണവും ഡൽഹിയിൽ ശക്തമായി. ഇന്ത്യയുടെ സൂപ്പർ പവറായ മദ്ധ്യവർഗത്തെ കേന്ദ്രസർക്കാർ അംഗീകരിക്കണം. ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റ് അവർക്കായി സമർപ്പിക്കണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. രാജ്യത്തിപ്പോൾ നികുതി ഭീകരതയാണ്. രാജ്യം വിടുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. മദ്ധ്യവർഗം രാജ്യത്തിന്റെ നട്ടെല്ലാണെന്നും വലിയ തുക ക്ഷേമത്തിനായി ചെലവഴിക്കുന്നുവെന്നും മോദി തിരിച്ചടിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന്
സബ്സിഡി
കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിനായി ഏഴ് ആവശ്യങ്ങൾ ആം ആദ്മി പാർട്ടി മുന്നോട്ടുവച്ചു.
വിദ്യാഭ്യാസത്തിനുള്ള വിഹിതം രണ്ടിൽ നിന്ന് പത്ത് ശതമാനമായി വർദ്ധിപ്പിക്കണം
ഉന്നത വിദ്യാഭ്യാസത്തിന് സബ്സിഡികൾ കൊണ്ടുവരണം
ആരോഗ്യമേഖലയ്‌ക്കുള്ള വിഹിതം പത്ത് ശതമാനമായി വർദ്ധിപ്പിക്കണം.
ആരോഗ്യ ഇൻഷ്വറൻസിനുള്ള നികുതി ഒഴിവാക്കണം
ആദായനികുതി ഇളവ് പരിധി ഏഴിൽ നിന്ന് 10 ലക്ഷമാക്കണം
അവശ്യ സാധനങ്ങളുടെ ജി.എസ്.ടി നീക്കണം
മുതിർന്ന പൗരന്മാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കണം
മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രയ്‌ക്ക് 50 ശതമാനം ഇളവ് അനുവദിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |