
ചെന്നൈ: 50 വർഷം മുമ്പ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാനുള്ള കോൺഗ്രസിന്റെ വിവാദ തീരുമാനത്തെ പ്രശംസിച്ച തമിഴ്നാട് കോൺഗ്രസ് പി.സി.സി പ്രസിഡന്റ് കെ. സെൽവപെരുന്തഗൈയുടെ പ്രസ്താവന തമിഴ്നാട്ടിൽ പുതിയ വിവാദത്തിനു വഴിവച്ചു. കച്ചത്തീവ് വിട്ടുകൊടുത്തതിനെതിരെ തമിഴ്നാട്ടിലെ തീരദേശ ജില്ലകളിലുള്ളവർക്ക് ഇപ്പോഴും രോക്ഷമുണ്ട്. അവിടെ തമ്പടിച്ചിരിക്കുന്ന ശ്രീലങ്കൻ നാവികസേനയുടെയും ഭീഷണിയും അറസ്റ്റും മത്സ്യത്തൊഴിലാളികൾക്കു നേരെ ഇപ്പോഴുമുണ്ടാകുന്നുണ്ട്.
പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി കച്ചത്തീവ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചത് ഒരു 'തന്ത്രപരമായ നീക്ക'മാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവു കൂടിയായ സെൽവപെരുന്തഗൈ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് വിവാദമായത്. സെൽവപെരുന്തഗൈയ്ക്കെതിരെ തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ.അണ്ണാമലൈ രംഗത്തെത്തി. വിവാദത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എന്താണ് പറയാനുള്ളതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
തന്ത്രപരമായ നീക്കം എന്ന് സെൽവപെരുന്തഗൈ പറയുമ്പോൾ അഭിമുഖം ചെയ്തയാൾ അതിനെ എതിർക്കുന്നുണ്ട്.'ഇത് ഒരു തന്ത്രപരമായ നീക്കമായിരുന്നെങ്കിൽ, ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമായിരുന്നില്ലേ? എന്നു ചോദിച്ചു.
'ഇന്ദിരാഗാന്ധി ഒരു തീരുമാനമെടുത്താൽ അത് ഒരു സാധാരണ തീരുമാനമല്ല, അതിന് പിന്നിൽ ഒരു വലിയ തന്ത്രമുണ്ട്. അവർ ഒരു ചെറിയ ഭാഗം വിട്ടുകൊടുത്തു, കൂടുതൽ ഭാഗം എടുത്തിട്ടുണ്ട്.'
'അപ്പോൾ അതിൽ നിന്ന് നമുക്ക് എന്താണ് പ്രയോജനം?- എന്ന് ചോദ്യം.
സെൽവപെരുന്തഗൈ : 'നമ്മൾ എടുത്ത ഭാഗങ്ങളിൽ പ്രകൃതിവിഭവങ്ങളുടെ വലിയ നിക്ഷേപമുണ്ട്. ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിന്റെ സ്രോതസ്സ് പ്രകാരം, ഭൂമിയിൽ എവിടെയും കാണാത്ത വിഭവങ്ങൾ ഈ ഭാഗത്താണ് അടങ്ങിയിരിക്കുന്നത്. ഇതൊരു വലിയ തന്ത്രപരമായ നീക്കമാണ്. ഇന്ത്യയുടെ വികസനത്തിനായി ഒരു ചെറിയ ദ്വീപ് വിട്ടുകൊടുക്കുകയും വലിയൊരു വസ്തു ഏറ്റെടുക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ മഹാന്മാരുടെ പ്രാരംഭ കർമ്മം.
1974ൽ പാർലമെന്റിൽ ചർച്ചയ്ക്ക് പോലും ഈ തീരുമാനം അവതരിപ്പിക്കാതെ കച്ചത്തീവ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചുകൊണ്ട് ഏകപക്ഷീയമായ തീരുമാനമെടുത്തതിലൂടെ തമിഴ് മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. കോൺഗ്രസിന്റെയും ഡി.എം.കെയുടെയും തന്ത്രപരമായ നീക്കത്തിലൂടെ നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടു. നിരന്തരമായ അറസ്റ്റും ബോട്ടുകളും നഷ്ടവും കാരണം പലർക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസ് പാർട്ടി മാത്രമാണ് ഇതുവരെ ന്യായീകരിച്ചിട്ടുള്ളത്. കച്ചിത്തീവ് ഇന്ത്യയോട് ചേർക്കണമെന്ന അഭിപ്രായമാണ് നാംതമിഴർ കക്ഷി ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ഇപ്പോഴുമുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |