
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആം ആദ്മി സർക്കാരിനെ കടന്നാക്രമിച്ചു. ബി.ജെ.പിയുടെ താരപ്രചാരകനായ യോഗി, ഡൽഹിയെ ഉത്തർപ്രദേശുമായി താരതമ്യം ചെയ്‌തു. ഡൽഹിയെ ആം ആദ്മി മാലിന്യകൂമ്പാരമാക്കി. താൻ മന്ത്രിമാരുമൊത്ത് പ്രയാഗ്‌രാജിലെ ത്രിവേണീ സംഗമത്തിൽ സ്‌നാനം ചെയ്‌തു. ഇതേ മാതൃകയിൽ ആംആദ്മി ജനറൽ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ മന്ത്രിമാർക്കൊപ്പം യമുനയിൽ മുങ്ങിനിവരുമോ ? യമുനയിലെ മലിനീകരണം ബി.ജെ.പി ആം ആദ്മിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് യോഗിയുടെ ചോദ്യം. പ്രയാഗ്‌രാജ് കുംഭമേളയിലെ ക്രമീകരണങ്ങൾ കാണാൻ കേജ്‌രിവാളിനെ യോഗി ക്ഷണിച്ചു. മോശം റോഡുകൾ കാരണം പ്രചാരണറാലിക്കെത്താൻ ഒരു മണിക്കൂർ വൈകി. സൗകര്യങ്ങളുടെ അഭാവം കാരണം ഡൽഹി ഓഖ്ലയിലെ വ്യാവസായിക മേഖല തകർച്ചയിലാണ്. ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് സെറ്റിൽമെന്റ് ഒരുക്കുന്നതിലാണ് ആംആദ്മിയുടെ ശ്രദ്ധ. എന്നാൽ, ഉത്തർപ്രദേശ് നോയിഡയിലെ ന്യൂ ഓഖ്ല മേഖല വികസനത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു.
ടീം 'സ്‌പെഷ്യൽ 27'
ഡൽഹിയുടെ അധികാരം 27 വർഷമായി കിട്ടാക്കനിയായ ബി.ജെ.പിക്ക് ഇത്തവണ വിജയം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കായി 27 മുതിർന്ന നേതാക്കളെ ഉൾക്കൊള്ളിച്ച് 'സ്‌പെഷ്യൽ 27' എന്ന പേരിൽ ടീം രൂപീകരിച്ചിരിക്കുകയാണ് പാർട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
തിരിച്ചടിച്ച് കേജ്‌രിവാളും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി പൊലീസിനെ ബി.ജെ.പിയുടെ സ്വന്തം സൈന്യമാക്കി മാറ്റിയിരിക്കുകയാണെന്ന് കേജ്‌രിവാൾ ആരോപിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയുമായി ബന്ധമുള്ളവർ തന്റെ കാർ ആക്രമിച്ചു. മേഖലയിലേക്ക് അവരെ കടത്തിവിട്ടത് ഡൽഹി പൊലീസാണ്. അമിത് ഷായുടെ ഉത്തരവ് പ്രകാരമാണിത്. വീണ്ടും അധികാരത്തിലെത്തിയാൽ ഡൽഹിയിലെ തൊഴിലില്ലായ്‌മ അഞ്ചുവർഷം കൊണ്ട് ഇല്ലാതാക്കുമെന്ന് കേജ്‌രിവാൾ വാഗ്ദാനം ചെയ്‌തു. അതേസമയം ആംആദ്മി മദ്യത്തിൽ മുങ്ങിയ പാർട്ടിയായി മാറിയിരിക്കുകയാണെന്ന്, മദ്യനയക്കേസ് പരാമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര പരിഹസിച്ചു.
സുരക്ഷ പിൻവലിച്ചു
പഞ്ചാബ് പൊലീസ് കേജ്‌രിവാളിന് നൽകിയിരുന്ന ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചു. ഡൽഹി പൊലീസിന്റെ സുരക്ഷ തുടരും. പഞ്ചാബ് പൊലീസ് ,സുരക്ഷ നൽകുന്നതിൽ ഡൽഹി പൊലീസ് എതിർപ്പുന്നയിച്ചിരുന്നു. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലും കൂടി ഉണ്ടായതോടെയാണ് പഞ്ചാബ് പൊലീസ് പിന്മാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |