
മുംബയ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ. ആക്രമണം യഥാർത്ഥത്തിൽ നടന്നോയെന്നും സെയിഫിന് കുത്തേറ്റതാണോ അതോ അഭിനയമാണോയെന്നും മന്ത്രി ചോദിച്ചത് വിവാദമായി. ആക്രമണത്തിൽ
പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചതിനെ വർഗീയവത്കരിച്ചെന്നാരോപിച്ച് ശക്തമായ പ്രതിഷേധവും ഉയർന്നു.
മോഷണശ്രമം തടയുന്നതിനിടെ ആറ് തവണ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ആയി വീട്ടിൽ തിരിച്ചെത്തിയത്. സെയ്ഫ് നടന്നുവരുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. പിന്നാലെ നട്ടെല്ലിനു പരിക്കേറ്റ, ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ എങ്ങനെയാണ് ഇത്ര പെട്ടെന്ന് നന്നായി നടക്കുകയെന്ന ആരോപണങ്ങളുയർന്നിരുന്നു.
ഇതിനുപിന്നാലെയാണ് സംശയം പ്രകടിപ്പിച്ചുകൊണ്ട് മന്ത്രിയും രംഗത്തെത്തിയത്.
പൂനെയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാണ. 'ഡിസ്ചാർജ് ചെയ്ത ശേഷം സെയ്ഫ് അലി ഖാനെ കണ്ടപ്പോൾ, അദ്ദേഹത്തിന് ശരിക്കും കുത്തേറ്റോ അതോ അഭിനയിക്കുകയാണോ എന്ന് എനിക്ക് സംശയമുണ്ടായി. അദ്ദേഹം നൃത്തം ചെയ്യുന്നതായി കണ്ടു. ഒരു ഖാൻ അപകടത്തിൽപ്പെടുമ്പോൾ മാത്രം പ്രതിപക്ഷ നേതാക്കൾ ആശങ്കപ്പെടുന്നു എന്ന് എൻ.സി.പി നേതാക്കളായ ജിതേന്ദ്ര ഔഹാദിനെയും സുപ്രിയ സുലെയെയും വിമർശിച്ചുകൊണ്ട് റാണെ ആരോപിച്ചു.
സുശാന്ത് സിംഗ് രജ്പുതിന് ഇവർ പിന്തുണ നൽകിയില്ല. ഷാരൂഖ് ഖാന്റെ മകൻ, എൻ.സി.പി നേതാവ് നവാബ് മാലിക്, സെയ്ഫ് അലി ഖാൻ എന്നിവരെ കുറിച്ച് സുപ്രിയ സുലെയ്ക്ക് ആശങ്കയുണ്ട്. ഏതെങ്കിലും ഹിന്ദു കലാകാരനെക്കുറിച്ച് അവർ വിഷമം പറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോയെന്നും" മന്ത്രി ചോദിച്ചു.അതിനിടെ മന്ത്രിക്കെതിരെ നിരവധി പേർ രംഗത്തെത്തി. സെയ്ഫിനെപ്പോലെ ആരോഗ്യവാനായവർക്ക് വളരെപ്പെട്ടെന്ന് രോഗമുക്തിയുണ്ടാകുമെന്ന വാദവും ഉയർന്നു.
മോശം പരാമർശം
'മാലിന്യം' എന്ന് സെയ്ഫിനെ വിളിച്ച റാണ നിരവധി ആരോപണങ്ങൾ ഉയർത്തി. 'മുംബയിൽ ബംഗ്ലദേശികൾ എന്താണ് ചെയ്യുന്നത്. അവർ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി, നേരത്തേ അവർ പുറത്തും റോഡ് ക്രോസിംഗുകളിലും നിൽക്കുകയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ വീടുകളിൽ കയറിത്തുടങ്ങി. ചിലപ്പോഴവർ സെയ്ഫിനെ തട്ടിക്കൊണ്ടുപോകാൻ വന്നതായിരിക്കും. അതു നല്ലതാണ്. മാലിന്യം കൊണ്ടുപോകുക തന്നെ വേണം. അയാൾ അഭിനയിക്കുകയാണോ? നടക്കുമ്പോൾ അയാൾ നൃത്തം ചെയ്യുകയാണ്"- റാണെ പറഞ്ഞു.
മുൻ കോൺഗ്രസുകാരനും നിലവിൽ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നയാളുമായ സഞ്ജയ് നിരുപമും റാണയെ പിന്തുണച്ചു.
സെയ്ഫ് പുറത്തേക്കു വരുന്നതു കാണുമ്പോൾ ആറു ദിവസങ്ങൾ ക്കുമുൻപ് ഒന്നും സംഭവിച്ചില്ലെന്നു തോന്നുമെന്നായിരുന്നു പ്രതികരണം.
അതേസമയം, പരാമർശത്തെ തള്ളി ഉപമുഖ്യമന്ത്രി അജിത് പവാർ രംഗത്തെത്തി. റാണ പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും മനസ്സിലെന്തെങ്കിലുമുണ്ടെങ്കിൽ ആഭ്യന്തരവകുപ്പിനോടു പറയാനുമായിരുനും പറഞ്ഞു.
ഇൻഷ്വറൻസ്
തുകയിലും വിവാദം
അതിനിടെ സെയ്ഫ് അലിഖാന്റെ ഇൻഷ്വറൻസ് തുക സംബന്ധിച്ചും വിവാദം. ആരോഗ്യ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് താരം ആവശ്യപ്പെട്ട തുകയും അനുവദിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെ സമൂഹ മാദ്ധ്യമങ്ങളിലടക്കം ചോദ്യങ്ങളുയർന്നു.
പ്രമുഖരെയും സാധാരണക്കാരെയും രണ്ടു രീതിയിൽ പരിഗണിക്കുന്ന ഇൻഷ്വറൻസ് കമ്പനികളുടെ നടപടി വഞ്ചനയാണെന്ന് വ്യക്തമാക്കിയാണിത്.
ചികിത്സയ്ക്കായി 35.95 ലക്ഷം രൂപയാണ് സെയ്ഫ് ആവശ്യപ്പെട്ടത്. 25 ലക്ഷം രൂപ കമ്പനി അനുവദിച്ചു. ലീലാവതി ആശുപത്രിയിലെ 5 ദിവസത്തെ ചെലവ് 26 ലക്ഷം രൂപ. താരത്തിനു ചെലവായത് ഒരു ലക്ഷം രൂപ മാത്രം. ചെറിയ ആശുപത്രികൾക്കും സാധാരണക്കാർക്കും ഇത്തരം ചികിത്സയ്ക്കായി ഇൻഷ്വറൻസ് കമ്പനികൾ കുറഞ്ഞ തുക മാത്രമേ അനുവദിക്കാറുള്ളൂ എന്നാണു വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |