
ചെന്നൈ: ' നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നെറ്റ്‌ഫ്ലിക്‌സിന് തിരിച്ചടി.
ധനുഷ് നൽകിയ പകർപ്പവകാശലംഘന ഹർജി പരിഗണിക്കരുതെന്നും തള്ളണമെന്നുമുള്ള നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ധനുഷിന്റെ ഹർജി ഫെബ്രുവരി അഞ്ചിന് പരിഗണിക്കും.
ധനുഷ് നിർമ്മിച്ച് നയൻതാര അഭിനയിച്ച 'നാനും റൗഡി താൻ' എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിനെത്തുടർന്നാണ് വിവാദമുണ്ടായത്.
ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര, സംവിധായകനും ഭർത്താവുമായ വിഘ്‌നേഷ് ശിവൻ, വിഘ്‌നേഷിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യൻ ഘടകമായ ലോസ് ഗറ്റോസ് എന്നിവർക്കെതിരെ ധനുഷും കെ. രാജയുടെ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. നയൻതാര പകർപ്പവകാശം ലംഘിച്ചെന്ന് ധനുഷിന്റെ ഹർജിയിൽ പറയുന്നു. നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഓഫീസ് മുംബയിലായതിനാൽ, ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും ധനുഷ് നൽകി. ഇവ രണ്ടും തള്ളണമെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ ആവശ്യം. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള കേസ് തള്ളണമെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ ആവശ്യം. 2020ൽ തന്നെ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് നെറ്റ്ഫ്ളിക്സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പാർഥസാരഥി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ ഹർജിക്കാരൻ നിയമനടപടികൾ സ്വീകരിച്ചിരുന്നില്ല. ഡോക്യുമെന്ററി പുറത്തിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതിക്കാരൻ ഹർജിയുമായെത്തിയതെന്നും അദ്ദേഹം വാദിച്ചു. അതേസമയം, ചിത്രത്തിന്റെ സെറ്റിൽ എല്ലാ കഥാപാത്രങ്ങളുടേയും അവർ ധരിച്ച വസ്ത്രങ്ങളുടേയുംവരെ പകർപ്പവകാശം തങ്ങൾക്കാണെന്നായിരുന്നു ധനുഷിന്റെ നിർമാണ കമ്പനിയുടെ വാദം. ഇതടക്കം പരിഗണിച്ചാണ് നെറ്റ്ഫ്ളിക്സിന്റെ ഹർജി തള്ളിയത്. നേരത്തെ, വാദംകേട്ട കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. കഴിഞ്ഞ നവംബർ 18നാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |