
ന്യൂഡൽഹി: രേഖകളില്ലാതെ കഴിയുന്ന ഇന്ത്യക്കാരെ യു.എസിൽ നിന്ന് തിരിച്ചയ്‌ക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യൻ കുടിയേറ്റക്കാരെ സംബന്ധിച്ച് ഏറെ നിർണായകമായേക്കും മോദി- ട്രംപ് കൂടിക്കാഴ്‌ച. അനധികൃത കുടിയേറ്റത്തെക്കുറിച്ച് മോദിയുമായി ചർച്ച ചെയ്തതായി ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കുന്ന കാര്യത്തിൽ ഇന്ത്യ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. ഏതാണ്ട് 20,000ത്തിന് മുകളിൽ ഇന്ത്യക്കാർ ഒന്നിച്ച് മടങ്ങിയാലുണ്ടാകുന്ന സാമൂഹ്യ-സാമ്പത്തിക തിരിച്ചടി കണക്കിലെടുത്ത് നടപടി മയപ്പെടുത്താൻ യു.എസിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മോദിയുടെ സന്ദർശന വേളയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഡൊണാൾഡ് ട്രംപ് രണ്ടാം തവണപ്രസിഡന്റായി ചുമതലയേറ്റ ശേഷംമോദിയുടെ ആദ്യ യു.എസ് സന്ദർശനമാണിത്.
കഴിഞ്ഞ ദിവസം ഇരുവരും ടെലിഫോണിലൂടെ ഏറെ നേരം സംസാരിച്ചിരുന്നു. ട്രംപിനെപ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ച മോദി, സംസാരിച്ചതിൽ സന്തോഷമുണ്ടെന്ന് എക്സ് അക്കൗണ്ടിൽ കുറിച്ചു.'രണ്ടാംതവണ അധികാരത്തിലെത്തിയതിൽ ട്രംപിനെ അഭിനന്ദിച്ചു.
ഭായി ഭായി
ട്രംപ് ആദ്യ ടേമിൽ യു.എസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് മോദിയുമായി ആഴത്തിലുള്ള സൗഹൃദം സൂക്ഷിച്ചിരുന്നു. അതിനാൽ ട്രംപിന്റെ മടങ്ങിവരവ് ഇരുരാജ്യങ്ങൾക്കുമിടയിലെ തന്ത്രപരമായ പങ്കാളിത്തത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.
ആദ്യ ടേമിൽ പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന്റെ അവസാന വിദേശ യാത്ര ഇന്ത്യയിലേക്കായിരുന്നു. 2019 സെപ്റ്റംബറിൽ ഹൂസ്റ്റണിലും 2020 ഫെബ്രുവരിയിൽ അഹമ്മദാബാദിലും നടന്ന റാലികൾ ഇരുവരുടെയും ഊഷ്‌മള ബന്ധത്തിന്റെ പ്രതിഫലനമായി കണക്കാക്കുന്നു. രണ്ടാമൂഴത്തിൽ ട്രംപ് ആദ്യമായി സംസാരിച്ച മൂന്ന് നേതാക്കളിൽ ഒരാൾ മോദിയാണ്.
ട്രംപിന്റെ മുൻഗാമിയായ ജോ ബൈഡനും ഇന്ത്യയെ അവഗണിച്ചിരുന്നില്ല. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ സെപ്റ്റം ബറിൽ ക്വാഡ് ഉച്ചകോടിക്കായി നരേന്ദ്രമോദി യു.എസിൽ പോയിരുന്നു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രധാനമന്ത്രി മോദി ഭാവിയുടെ ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്‌തു.
ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്രമോദി(ഫയൽ ചിത്രം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |