
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ റോക്കറ്റ് നിലയം നൂറഴകിൽ മിന്നുന്ന ചരിത്രകിരീടം ചൂടി. ഇസ്രോയുടെ നൂറാം വിക്ഷേപണദൗത്യമാണ് ഇന്നലെ വിജയപ്രദമായി പൂർത്തിയായത്. നാവിക് ഗതിനിർണയ സംവിധാനത്തിനുള്ള ഉപഗ്രഹശ്രേണിയിലെ എൻ.വി.എസ് 02 ഉപഗ്രഹമായിരുന്നു നൂറാമത്തെ വിക്ഷേപണം. ജി.എസ്.എൽ.വി എഫ്15 റോക്കറ്റ് ഉപയോഗിച്ച് ഇന്നലെ പുലർച്ചെ 6.23നായിരുന്നു വിക്ഷേപണം.19 മിനിട്ടിൽ റോക്കറ്റ് ലക്ഷ്യം കണ്ടു.1979മുതലാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണങ്ങൾ തുടങ്ങിയത്.
രണ്ടാം തലമുറ
ഐ.എസ്.ആർ.ഒ വികസിപ്പിച്ച അഞ്ച് രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ രണ്ടാമത്തേതാണ് എൻ.വി.എസ് 02. ആദ്യത്തേതായ എൻ.വി.എസ് 01 2023 മേയ് 29ന് വിക്ഷേപിച്ചിരുന്നു. എൽ1, എൽ5, എസ്, സി ബാൻഡുകളിലെ ഗതിനിർണയ ട്രാൻസ്പോണ്ടറുകളാണ് ഉപഗ്രഹത്തിലുള്ളത്
ഭാരം
യു.ആർ സാറ്റലൈറ്റ് സെന്ററിൽ വികസിപ്പിച്ച എൻ.വി.എസ് 02 ഉപഗ്രഹത്തിന്റെ ഭാരം 2,250 കിലോഗ്രാം
സേവനങ്ങൾ
ഭൗമ, വ്യോമ, സമുദ്ര ഗതിനിർണം, പ്രിസിഷൻ അഗ്രികൾച്ചർ, ഫ്ളീറ്റ് മാനേജ്‌മെന്റ്, മൊബൈൽ ഉപകരണങ്ങളിലെ ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, ഉപഗ്രഹങ്ങൾക്കായുള്ള ഭ്രമണപഥ നിർണയം, ഐ.ഒ.ടി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകൾ, എമർജൻസി, ടൈമിംഗ് സേവനങ്ങൾ, 20 മീറ്ററിൽ താഴെയുള്ള സ്ഥാനകൃത്യതയും 40 നാനോ സെക്കൻഡിൽ താഴെ സമയകൃത്യതയും നൽകും.
''ഉപഗ്രഹത്തെ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനായി. നിർണായകമായ ചുവടുവയ്പാണിത്. അടുത്ത 5 വർഷത്തിനുള്ളിൽ 100 ദൗത്യങ്ങൾ കൂടി പൂർത്തിയാക്കും.
-ഡോ.വി.നാരായണൻ, ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |