SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

കുംഭമേളയിൽ തിക്കുംതിരക്കും: 30 മരണം, 60 പേർക്ക് പരിക്ക്

kumba

# ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

# മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം

ന്യൂഡൽഹി: പ്രയാഗ്‌രാജിലെ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും 30 പേർക്ക് ദാരുണാന്ത്യം. 60ൽപ്പരംപേർക്ക് പരിക്കേറ്റു. ഇതിൽ 35പേരുടെ നില ഗുരുതരം. ഉത്തർപ്രദേശ് പൊലീസിന്റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്. മൗനി അമാവാസി ദിനമായ ഇന്നലെ

ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്യുന്നത് പുണ്യമെന്നാണ് വിശ്വാസം. അതിനായി ലക്ഷക്കണക്കിന് ഭക്തർ ഒന്നിച്ച് നീങ്ങിയതോടെയാണ് ദുരന്തം സംഭവിച്ചത്.

ഒട്ടേറെപേരെ കാണാതായി. പുലർച്ചെ ഒന്നിനും രണ്ടിനുമിടയ്‌ക്കായിരുന്നു സംഭവം. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. ത്രിവേണി സംഗമത്തിലെ സ്‌നാനം പുലർച്ചെ മണിക്കൂറുകളോളം നിറുത്തിവച്ചെങ്കിലും പുനരാരംഭിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.

ബാരിക്കേഡുകൾ തകർന്നു,

ചവിട്ടേറ്റ് മരണം

തിരക്ക് നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർന്നതോടെ നീണ്ട ക്യൂവിൽ നിൽക്കുകയായിരുന്നവർ കൂട്ടമായി മുന്നോട്ടുനീങ്ങി. പലരും വീണു. അവർക്ക് തുരുതുരാ ചവിട്ടേറ്റു. എഴുന്നേൽക്കാനുള്ള ശ്രമം വിഫലമായി. പലരും ആ കിടപ്പിൽ മരിച്ചു.മറ്റുപലർക്കും പരിക്കേറ്റു. മരിച്ച 25പേരെ തിരിച്ചറിഞ്ഞതായി മഹാകുംഭമേളയുടെ ചീഫ് ഓഫീസർ വിജയ് കിരൺ ആനന്ദ്, ഡി.ഐ.ജി വൈഭവ് കൃഷ്‌ണ എന്നിവർ അറിയിച്ചു. കർണാടക, അസാം,​ ഗുജറാത്ത് എന്നിവിടങ്ങിൽ നിന്നുള്ളവരും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.

#അനുശോചിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി നാല് തവണ​ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്ന് മോദി പറഞ്ഞു.രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങൾ തിരക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KUMBAMELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360