SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

കേന്ദ്ര ബഡ്ജറ്റിൽ ഡൽഹി തിര. പ്രതിഫലിച്ചേക്കും, ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യത

d

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകൂടി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരെ കൈയിലെടുക്കാൻ ആദായ നികുതി നിരക്കുകളിലെ ഇളവടക്കം വമ്പൻ ആനൂകൂല്യ പ്രഖ്യാപനങ്ങൾ കേന്ദ്ര ബഡ്‌ജറ്റിൽ ഉണ്ടാകുമെന്ന് സൂചന. ഇടത്തരക്കാരെയടക്കം ആകർഷിക്കാൻ ഇന്ധനവില കുറയ്ക്കുന്നതടക്കമുള്ള പദ്ധതികളും ഉണ്ടായേക്കാം. ഫെബ്രുവരി ഒന്നിനാണ് ബഡ്ജറ്റ്. ഡൽഹി തിരഞ്ഞെടുപ്പ് അഞ്ചിനും.

ഇക്കൊല്ലം ഒടുവിൽ ബീഹാർ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. അതുമുന്നിൽ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബഡ്ജറ്റിൽ ഇടംതേടിയേക്കാം. ആദായനികുതി സ്ളാബുകളിൽ മാറ്റം വരുത്തിയും മൂലധന ചെലവുകൾ വർദ്ധിപ്പിച്ചും വിപണിയിൽ ഉണർവ് സൃഷ്‌ടിക്കാനാകും ബഡ്‌ജറ്റ് ഉൗന്നൽ നൽകുക. പുതിയ സമ്പ്രദായത്തിൽ റിട്ടേണുകൾ സമർപ്പിക്കുന്നവരുടെ കൈയിൽ അധിക പണം ലഭ്യമാക്കുന്നതിന് ആദായ നികുതി സ്ളാബുകളിൽ മാറ്റം വരുത്തിയേക്കും.

ശമ്പളക്കാരായ നികുതിദായകർക്ക് ആശ്വാസം പകരുന്നതിന് പുതിയ സ്കീമീൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തിയേക്കും. പുതിയ സ്കീമിൽ 75,000 രൂപയാണ് സ്‌റ്റാൻഡേഡ് ഡിഡക്ഷൻ, ഇതിനൊപ്പം ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം, ഭവന വായ്പകളുടെ തിരിച്ചടവ്, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം എന്നിവയിൽ ഇടത്തരം വരുമാനമുള്ളവർക്ക് അധിക ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യവും ശക്തമാണ്.

നഗര മേഖലകളിൽ ഉപഭോഗത്തിലുണ്ടാകുന്ന ഇടിവാണ് ഇന്ത്യൻ സാമ്പത്തിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ ഉപഭോക്താക്കളുടെ കൈയിൽ അധികപണം ലഭ്യമാക്കാൻ നികുതി ഇളവുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ആദായ നികുതി നിരക്ക്:

ഇളവ് നൽകിയേക്കും

പ്രതിവർഷം 15 ലക്ഷം രൂപാവരെ വരുമാനമുള്ളവർക്ക് ആദായനികുതി നിരക്കുകളിൽ ഇളവ് നൽകിയേക്കും

പുതിയ ടാക്സ് സ്കീമിലുള്ളവർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.

നികുതി സ്ളാബുകളുടെ പരിധി 20, 30% ഉയർത്തി ഉപഭോക്താക്കളുടെ കൈവശം കൂടുതൽ പണമെത്തിക്കാനും ശ്രമിച്ചേക്കും

ഉപഭോഗം മെച്ചപ്പെടുത്തും

സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനായി നഗര, ഗ്രാമ മേഖലകളിലെ ഉപഭോഗം മെച്ചപ്പെടുത്താനും ബഡ്‌ജറ്റ് ഉൗന്നൽ നൽകും. ഫെബ്രുവരി ആദ്യവാരം നടക്കുന്ന റിസർവ് ബാങ്കിന്റെ ധനനയ രൂപീകരണ യോഗത്തിൽ പലിശ കുറയ്ക്കാൻ തീരുമാനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360