
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിലെ അതിജീവിതയും മുൻ കോൺഗ്രസ് എം.പി എഹ്സാൻ ജഫ്രിയുടെ ഭാര്യയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. അഹമ്മദാബാദിൽ വച്ച് ഇന്നലെ രാവിലെ 11.30ഓടെ അന്തരിച്ചതായി മകൻ തൻവീർ അറിയിച്ചു. എഹ്സാൻ ജഫ്രിയുടെ കബറിടത്തോട് ചേർന്ന് സംസ്കരിക്കുമെന്നാണ് റിപ്പോർട്ട്. 2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെത്തുടർന്നുണ്ടായ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചു. ഈ കലാപത്തിലാണ് എഹ്സാൻ ജഫ്രി കൊല്ലപ്പെട്ടത്. 2006 മുതൽ സാക്കിയ ജഫ്രി ഗുജറാത്ത് സർക്കാരിനെതിരെ ദീർഘകാലം നിയമപോരാട്ടം നടത്തി. കലാപത്തിലെ ഇരകൾക്ക് നീതി കിട്ടാൻ വേണ്ടി പ്രവർത്തിച്ചു. ഇന്ത്യയിലെ പോരാട്ടമുഖമായി സാക്കിയ മാറി. കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റുള്ളവർക്കും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് അവർ നൽകിയ ഹർജി 2022ൽ സുപ്രീം കോടതി തള്ളി. 2023 വരെ, കൂട്ടക്കൊലയുടെ വാർഷികത്തിൽ സാക്കിയ ഗുൽബർഗ് സൊസൈറ്റി സന്ദർശിച്ചിരുന്നു. മകൾ നിസ്രിൻ. സാക്കിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |