
ന്യൂഡൽഹി: ആം ആദ്മി - ബി.ജെ.പി - കോൺഗ്രസ് ത്രികോണ പോരാട്ടത്തിന്റെ ചൂടിൽ ഡൽഹിയിൽ ഇന്ന് കലാശക്കൊട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം വൻ ആവേശത്തിലാണ്. ഇന്ന് പരസ്യ പ്രചാരണം അവസാനിച്ച് നിശബ്‌ദ പ്രചാരണത്തിലേക്ക് കടക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.
ഇതിനിടെ, ബി.ജെ.പി പ്രവർത്തകർ ആം ആദ്മി പ്രവർത്തകരെ വ്യാപകമായി ആക്രമിക്കുകയാണെന്ന് പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. രോഹിണിയിലെ റാലിയിൽ ആംആദ്മി എം.എൽ.എ മൊഹീന്ദർ ഗോയലിന് മർദ്ദനമേറ്റത് ചൂണ്ടിക്കാട്ടി. ന്യൂഡൽഹി മണ്ഡലത്തിലെ പ്രചാരണ വാഹനത്തെ ചിലർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കേന്ദ്ര മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രത്യേക ക്യാമ്പയിനും ആരംഭിച്ചു. 'അമിത് ഷായുടെ ഗുണ്ടായിസം' എന്നാണ് പ്രചാരണപരിപാടിക്ക് പേരിട്ടിരിക്കുന്നത്. ആംആദ്മി പാർട്ടി ഡൽഹിയിലെ സീറ്രുകൾ തൂത്തുവാരുമെന്ന് കേജ്‌രിവാൾ പറഞ്ഞു. താൻ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിൽ സ്വതന്ത്ര നിരീക്ഷകരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിക്കണം. ഒരു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ ചേരികളിലെത്തി വോട്ടർമാർക്ക് 3000 രൂപ വീതം നൽകുകയാണ്. നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങളിൽ വീഴരുതെന്ന് കേജ്‌രിവാൾ വോട്ടർമാരോട് അഭ്യർത്ഥിച്ചു.
കേജ്‌രിവാൾ നുണകളുടെ എൻസൈക്ലോപീഡിയയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആരോപിച്ചു. അഴിമതി നടത്താൻ പുതിയ വഴികൾ കണ്ടുപിടിക്കുന്നതിലാണ് മിടുക്ക്. ഡൽഹിയിലെ ജനങ്ങൾ ആംആദ്മിയെ പാഠം പഠിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ എല്ലാത്തിനും ജി.എസ്.ടി ചുമത്തിയതോടെ വീട്ടുസാധനങ്ങൾക്ക് വില വർദ്ധിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ ആദായനികുതി
ഇളവ് പ്രചാരണമാക്കി മോദി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ,മദ്ധ്യവർഗ വോട്ടുകൾ ഏകീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയത് തുടങ്ങി ബഡ്‌ജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ഇന്നലെ ആർ.കെ. പുരത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ വികസനത്തിന്റെ പുതിയ വസന്തം മോദി വാഗ്ദാനം ചെയ്‌തു.
ഇന്ത്യയുടെ ചരിത്രത്തിൽ മദ്ധ്യവർഗത്തെ ഇത്രയധികം ചേർത്തുപിടിച്ച ബഡ്‌ജറ്റുണ്ടായിട്ടില്ല. ഓരോ സാധാരണക്കാരന്റെയും മുഖത്ത് സന്തോഷം കൊണ്ടുവന്നു. ഇത് മോദിയുടെ ഗ്യാരന്റിയാണ്. മദ്ധ്യവർഗത്തെ ബഹുമാനിച്ച ഒരേയൊരു പാർട്ടി ബി.ജെ.പിയാണ്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഭരണക്കാലത്ത് 12 ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയായി 25 ശതമാനം അടയ്ക്കേണ്ടി വന്നിരുന്നു. ഡൽഹിയിൽ താമര വിരിയുമെന്നും മോദി പറഞ്ഞു.
ആം ആദ്മിക്ക് വിമർശനം
വ്യാജ വാഗ്ദാനങ്ങളും,അഴിമതിയുമാണ് ആംആദ്മിയുടെ മുഖമുദ്രയെന്ന് മോദി ആരോപിച്ചു. ആംആദ്മിയുടെ നയങ്ങൾ വ്യവസായശാലകളെ പൂട്ടിച്ചു. അധികാരത്തിലെത്തിയാൽ അഴിമതിക്കാർക്കെതിരെ നടപടിയെടുക്കും. ആംആദ്മിയുടെ ജനസമ്മതി ഇടിഞ്ഞെന്നും മോദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |