
ന്യൂഡൽഹി : വസന്ത പഞ്ചമി ദിനമായ ഇന്ന് പ്രയാഗ്‌രാജിലെ കുംഭമേളയിലേക്ക് കോടിക്കണക്കിന് തീർത്ഥാടകർ ഒഴുകുകയാണ്. ജനുവരി 29ന് മൗനി അമാവാസി ദിനത്തിൽ 30 പേർ മരിക്കുകയും, 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ അതീവജാഗ്രതയിലാണ്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
2019ലെ അർദ്ധ കുംഭമേളയിൽ പ്രവർത്തിച്ച രണ്ട് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ചുമതലയിലേക്ക് കൊണ്ടുവന്നു. മെഡിക്കൽ ക്രമീകരണങ്ങൾ സദാ സജ്ജമാണ്. പൊലീസ്. അഗ്നിശമന സേന, വോളന്റിയർമാർ, മെഡിക്കൽ സംഘം തുടങ്ങിയവർ അതീവ ജാഗ്രതയിലാണ്. ഇന്നലെ 90 ലക്ഷം ഭക്തരാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്‌നാനം ചെയ്‌തത്. ഇതുവരെ 33.61 കോടി പേർ എത്തിയെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ കണക്ക്. അടുത്ത പ്രധാന സ്‌നാനം ഫെബ്രുവരി 12ന് മാഘ പൗർണമി ദിനത്തിലാണ്.
ഗൂഢാലോചന
നടന്നോ ?
ജനുവരി 29ലെ ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ഉത്തർപ്രദേശ് പ്രത്യേക ദൗത്യ സേന അന്വേഷണം തുടങ്ങി. പുലർച്ചെ ഒന്നിനും രണ്ടിനുമിടയ്‌ക്കായിരുന്നു സംഭവം. അന്ന് ആ സമയത്ത് മേഖലയിലുണ്ടായിരുന്ന 16000ൽപ്പരം മൊബൈൽ ഫോൺ നമ്പറുകളിലെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |