
ന്യൂഡൽഹി : കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിനുള്ള റെയിൽവേ വിഹിതം 3042 കോടി. കേരളത്തിൽ വിവിധ പദ്ധതികളിലായി 15742 കോടിയാണ് ആകെ നിക്ഷേപമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. അതേസമയം,ശബരി പാതയ്ക്ക് കരാർ ഒപ്പിടണമെന്ന് മന്ത്രി പറഞ്ഞു.
യു.പി.എ ഭരണകാലത്തേക്കാൾ എട്ട് ഇരട്ടിയിലധികമാണ് മൂന്നാം മോദി സർക്കാർ കേരളത്തിന് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
2009-14 യു.പി.എ കാലത്ത് 372 കോടി രൂപയാണ് പ്രതിവർഷം വകയിരുത്തിയത്.
കേരളത്തിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി റെയിൽ ശൃംഖല കൊണ്ടുവരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. കൂടുതൽ ട്രെയിനുകൾ ഓടിക്കുകയാണ് ഉദ്ദേശ്യം. റെയിൽ വികസനത്തിന് ഭൂമി വേണം. ഭൂമിയേറ്റെടുക്കലിന് അടക്കം സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പിന്തുണ ആവശ്യമാണ്.
രാജ്യത്തെ റെയിൽവേ വികസനത്തിന് ഫണ്ടിന്റെ കുറവില്ല. ബഡ്‌ജറ്റിന് മുൻപുതന്നെ, 2024 ജൂലായ് മുതൽ ഇതുവരെ 14000 കോടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ 114,000 കോടിയാണ് നിക്ഷേപം. അടുത്ത സാമ്പത്തികവർഷം 116,0000 കോടിയും. കുറഞ്ഞ കപ്പാസിറ്റിയുള്ള പഴയ ട്രാക്കുകൾ അഞ്ചു വർഷത്തിനകം മാറ്റുമെന്നും ഇന്നലെ റെയിൽ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അശ്വനി വൈഷ്‌ണവ് അറിയിച്ചു.
കേരളത്തിന് നമോ ഭാരത്
പുതുതായി പ്രഖ്യാപിച്ച 50 പുതിയ ഹൃസ്വദൂര നമോ ഭാരത് ട്രെയിനുകൾ കേരളത്തിനും അനുവദിച്ചേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. 100 -250 കിലോമീറ്റർ ദൂരപരിധിയിൽ രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ എന്ന രീതിയിലായിരിക്കും സർവീസ്. അന്തർസംസ്ഥാന നഗരങ്ങളെയും ബന്ധിപ്പിക്കാൻ കഴിയും.16 കോച്ചുകൾ ഉണ്ടാവും.
# 14000 പുതിയ നോൺ എ.സി സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കുന്നുണ്ട്.ഇവ കേരളത്തിനും അനുവദിക്കും. രാജ്യത്ത്100 പുതിയ അമൃത് ഭാരത്, 200 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
#കേരളത്തിൽ പുതിയ ട്രാക്കുകൾ നിർമ്മിക്കുന്ന എട്ട് പദ്ധതികൾ പുരോഗമിക്കുന്നു. 12350 കോടിയാണ് ചെലവ്. 35 അമൃത് സ്റ്റേഷനുകൾ 2560 കോടി മുടക്കി വികസിപ്പിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |