
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ്, യു.എസ് സന്ദർശനത്തിൽ നിർണായക ഉഭയകക്ഷി ചർച്ചകൾ നടക്കും. 10 മുതൽ 13വരെയാണ് സന്ദർശനം. ഫ്രാൻസിൽ സുപ്രധാന പ്രതിരോധ ഇടപാടും യു.എസിൽ കുടിയേറ്റടക്കം വിഷയങ്ങളും ചർച്ചയാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുമായാണ് ഉഭയകക്ഷി ചർച്ച.
10ന് വൈകിട്ട് പാരീസിൽ എത്തുന്ന പ്രധാനമന്ത്രി രാത്രി പ്രസിഡന്റ് മാക്രോൺ ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് ലോക നേതാക്കളും വ്യവസായ പ്രമുഖരും വിരുന്നിനെത്തും. 11ന് ഉച്ചകോടിയിൽ പ്രസിഡന്റ് മാക്രോണിനൊപ്പം പങ്കെടുക്കും. മൂന്നാമത് എ.ഐ ഉച്ചകോടിയാണിത്. എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങളും ദോഷങ്ങളും ചർച്ച ചെയ്യും.
ഉച്ചകോടി കഴിഞ്ഞാകും പ്രസിഡന്റ് മാക്രോണുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചയും പ്രതിനിധി ചർച്ചയും നടത്തുക. റഫാൽ യുദ്ധവിമാനം, സ്‌കോർപിയോൺ അന്തർവാഹിനി ഇടപാടുകളും ചർച്ചയുടെ ഭാഗമാകുമെന്നാണ് സൂചന. സുപ്രധാന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യും ചർച്ചയാകും.
11നും മാക്രോൺ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. 12ന് രാവിലെ ഇരുവരും തെക്കൻ ഫ്രാൻസിലെ മാർസെയിലേക്ക് പോകും. അവിടെ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്യും. പ്രശസ്‌തമായ മാർസെയിൽ യുദ്ധസ്‌മാരകവും മോദി സന്ദർശിക്കും. ഒന്നാം ലോകമഹായുദ്ധത്തിൽ രക്തസാക്ഷിത്വം വഹിച്ച ഇന്ത്യക്കാർക്ക് ആദരാഞ്ജലി അർപ്പിക്കും. ഇന്ത്യ പങ്കാളിയായ, അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണ റിയാക്ടർ സ്ഥിതി ചെയ്യുന്ന കാഡാരാഷെയും മോദി സന്ദർശിക്കും.
ട്രംപിന്റെ പ്രതികരണം
ഉറ്റുനോക്കുന്നു
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് 13ന് നരേന്ദ്രമോദി യു.എസിലെത്തുന്നത്. പുതിയ ഭരണകൂടവുമായുള്ള സൗഹൃദം ഉൗട്ടിയുറപ്പിക്കലും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ട്രംപുമായി പ്രതിനിധി ചർച്ചയും സ്വകാര്യ ചർച്ചയുമുണ്ടാകും. മുതിർന്ന യു.എസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ബിസിനസ് പ്രമുഖരും പ്രവാസികളുമായും പ്രധാനമന്ത്രി സംവദിക്കും.
ട്രംപ് രണ്ടാം തവണ അധികാരത്തിൽ എത്തിയശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയയ്‌ക്കുന്ന വിഷയത്തിൽ ട്രംപിന്റെ പ്രതികരണം നിർണായകമാകും. വ്യാപാരം, പ്രതിരോധം, ഇന്തോ-പസഫിക് മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനുള്ള ചർച്ചകളുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |