
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിക്കേസിൽ ആറ് വർഷത്തിലധികമായി തടങ്കലിൽ കഴിയുന്ന ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരൻ ക്രിസ്ത്യൻ ജെയിംസ് മിഷേലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സി.ബി.ഐ കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. ജാമ്യാപേക്ഷയെ സി.ബി.ഐ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. അന്വേഷണം ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത 25 വർഷത്തേക്ക് വിചാരണ തുടങ്ങാൻ സാദ്ധ്യതയില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണം അന്യായമായി നീളുകയാണെന്ന് ബ്രിട്ടീഷ് പൗരന് വേണ്ടി ഹാജരായ അഡ്വ. അൽജോ കെ. ജോസഫ്, വിഷ്ണു ശങ്കർ, പി. ശ്രീറാം എന്നിവർ
അറിയിച്ചത് കോടതി പരിഗണിച്ചു. ജാമ്യ ഉപാധികൾ വിചാരണക്കോടതിക്ക് തീരുമാനിക്കാം. ഏതെല്ലാം ഉപാധികൾ വയ്ക്കണമെന്ന് സി.ബി.ഐക്ക് അവിടെ ആവശ്യപ്പെടാം. പാസ്പോർട്ട് പുതുക്കിയ ശേഷം കോടതിയിൽ കെട്ടിവയ്ക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ക്രിസ്ത്യൻ മിഷേലിന് മോചിതനാകണമെങ്കിൽ, ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കേണ്ടതുണ്ട്. ജാമ്യാപേക്ഷ ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. 2018 ഡിസംബറിലാണ് അറസ്റ്റിലായത്. യു.പി.എ ഭരണകാലത്തെ ഇടപാടുമായി ബന്ധപ്പെട്ട് 225 കോടിയിൽപ്പരം ഇടനിലക്കാരന് ലഭിച്ചുവെന്നും 2666 കോടിയുടെ നഷ്ടം സർക്കാർ ഖജനാവുണ്ടായെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |