
ന്യൂഡൽഹി : യുട്യൂബിലെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ' ഷോയിൽ വിവാദ അശ്ലീല പരാമർശങ്ങൾ നടത്തിയ യു ട്യൂബർ രൺവീർ അലഹബാദിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഷോകൾ നടത്തുന്നതിൽ നിന്ന് വിലക്കുകയും ചെയ്‌തു. രൺവീർ വൈകൃത മനസിന് ഉടമയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നാണംകെട്ട പരാമർശങ്ങളാണ് രൺവീറും സഹ യുട്യൂബർമാരും നടത്തിയത്. അധപതനമാണിത്. അതുകേൾക്കുന്ന സമൂഹവും മാതാപിതാക്കളും സഹോദരിമാരും പെൺമക്കളും ലജ്ജ കൊണ്ട് തലതാഴ്‌ത്തും. സ്വന്തം മാതാപിതാക്കളെയും അപമാനിക്കുന്നു. ജനപ്രീതിയുള്ളതിനാൽ ഉത്തരവാദിത്വമില്ലാതെ എന്തും വിളിച്ചു പറയാമെന്നാണോ ? വികൃത മനസിൽ നിന്ന് വരുന്നവ പുറത്തേക്ക് ഛർദ്ദിക്കുകയാണ്. മൂല്യങ്ങൾ സൂക്ഷിക്കുന്ന സമൂഹത്തിൽ ഇടപെടുമ്പോൾ പൗരനെന്ന നിലയിൽ ഉത്തരവാദിത്വം പുലർത്തണം. നിയമവാഴ്ചയെ മാനിക്കണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
കോടതി ദന്തഗോപുരത്തിലല്ല കഴിയുന്നത്. ഓസ്‌ട്രേലിയൻ ഷോയെ കോപ്പിയടിച്ചതാണെന്ന് മനസിലായി. പക്ഷെ കുട്ടികളും മുതിർന്ന പൗരന്മാരും കാണരുതെന്ന് അവിടെ മുന്നറിയിപ്പ് നൽകാറുണ്ട്.
അറസ്റ്റിന് വിലക്ക് ;
ഉപാധികളോടെ
അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന യു ട്യൂബറുടെ ആവശ്യം കോടതി അംഗീകരിച്ചു. മഹാരാഷ്ട്ര, അസാം, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ അറസ്റ്റ് തടഞ്ഞു. വിവാദ പരാമർശങ്ങളിൽ ഇനിയൊരിടത്തും എഫ്.ഐ.ആർ വേണ്ട. അന്വേഷണവുമായി സഹകരിക്കണം. രൺവീറും വിവാദത്തിലുൾപ്പെട്ട സഹ യുട്യൂബർമാരും ഒരു ഷോയിലും പങ്കെടുക്കരുത്. പാസ്‌പോർട്ട് താനെ പൊലീസ് സ്റ്റേഷനിൽ കെട്ടിവയ്‌ക്കണം. വിദേശയാത്രയ്‌ക്ക് സുപ്രീംകോടതിയുടെ മുൻകൂർ അനുമതി നേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |