
ന്യൂഡൽഹി: ജില്ലാടിസ്ഥാനത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ തുടങ്ങാനും സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർക്ക് കൂടുതൽ ഉത്തരവാദിത്വം നൽകാനും കോൺഗ്രസ് തീരുമാനിച്ചു. പുതിയ ആസ്ഥാനമായ ഇന്ദിരാഗാന്ധി ഭവനിൽ സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ ഏഴു മണിക്കൂർ നീണ്ട യോഗത്തിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തി. അടുത്ത എ.ഐ.സി.സി സമ്മേളനം ഏപ്രിലിൽ ഗുജറാത്തിൽ നടത്തും.
പി.സി.സി മുതൽ മണ്ഡലം തലം വരെയുള്ള പുനഃസംഘടന അടിയന്തരമായി പൂർത്തിയാക്കും. മണ്ഡലം പുനർ നിയമനങ്ങൾ വേഗത്തിലാക്കുന്നതിന് ഈ മാസം സംസ്ഥാനങ്ങളിൽ പ്രത്യേക യോഗങ്ങൾ നടത്തും. 800 ഡി.സി.സികളെ കൂടുതൽ ശക്തിപ്പെടുത്തും. ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും.അതത് സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളുടെയും തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെയും ഉത്തരവാദിത്വം ചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്കായിരിക്കും.. ഈ വർഷാവസാനത്തോടെ, കോൺഗ്രസിനെ പുതിയ രൂപത്തിൽ കാണാനാകുമെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു..
.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ 30 പാർട്ടി ജനറൽ സെക്രട്ടറിമാരും ചുമതലയുള്ളവരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു.ഇന്ദിരാ ഭവൻ കേന്ദ്രീകരിച്ചാകും ഇനി രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. . ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ഭരണഘടനാ സംരക്ഷണ യാത്ര എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കും. വോട്ടർ പട്ടികയിലെ കൃത്രിമം അടക്കമുള്ള വിഷയങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്‌ട്രീയവത്ക്കരിക്കുന്നതും ഉന്നയിക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നാട്ടിൽ നിന്നു പോരാട്ടം തുടങ്ങുകയാണെന്ന് ഗുജറാത്തിൽ സംഘടിപ്പിക്കുന്ന എ.ഐ.സി.സി സമ്മേളനത്തെ പരാമർശിച്ച് ജയ്‌റാം രമേശ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |