
ന്യൂഡൽഹി: എവിടെയും ഹർ ഹർ മഹാദേവ്, ഗംഗാ ദേവീ സ്‌തുതികൾ. മഹാശിവരാത്രി പുണ്യം നുകരുകയാണ് ഇന്ന് പ്രയാഗ്‌രാജ്. കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയ്‌ക്കെത്തുന്നത്. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. 2027ൽ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിലാണ് പ്രയാഗ്‌രാജ് കുംഭമേള ആരംഭിച്ചത്. ശിവരാത്രി ദിനത്തിൽ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് മുൻകൂട്ടി കണ്ട് പഴുതടച്ച ക്രമീകരണങ്ങളാണ് ഉത്തർപ്രദേശ് സർക്കാരും റെയിൽവേയും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 63.36 കോടിയിൽപ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകൾ. മേഖലയിലാകെ സുരക്ഷാസന്നാഹം ശക്തമാക്കി. വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായി വിലക്കി. മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം. ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാണ്. 15,953 മെട്രിക് ടൺ മാലിന്യം കുംഭമേള മേഖലയിൽ നിന്ന് ഇതുവരെ നീക്കം ചെയ്‌തതായി യു.പി നഗരവികസന വകുപ്പ് അറിയിച്ചു.
സമയം ഇങ്ങനെ
മഹാശിവരാത്രി സ്‌നാനം ഇന്ന് രാവിലെ 11.08ന് ആരംഭിക്കും. നാളെ രാവിലെ 08.54 വരെയാണ് സ്‌നാനത്തിനുള്ള പുണ്യസമയം.
ലോകം കുംഭമേളയിലേക്ക്
44 ദിവസത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, സിനിമാ താരങ്ങൾ, വ്യവസായികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, വിദേശ പ്രതിനിധി സംഘങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖകളിലെ പ്രമുഖർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തു. കുംഭമേള നടത്തിപ്പ് മികച്ചതാണെന്ന് പ്രകീർത്തിക്കപ്പെട്ടു. അതേസമയം, കുംഭമേളയിലും ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായത് പ്രതിപക്ഷം ആയുധമാക്കി. പ്രതിപക്ഷത്തിനെതിരെ മോദിയും യോഗിയും രംഗത്തു വന്നതും കണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |