
ന്യൂഡൽഹി: കോടികണക്കിന് കണ്ഠങ്ങളിൽ നിന്ന് ഒരേസമയം ഹർ ഹർ മഹാദേവ് മന്ത്രം. അന്തരീക്ഷമാകെ ശിവ സ്‌തുതികളും ഗംഗാ ദേവീ മന്ത്രങ്ങളും. ഭസ്‌മത്തിന്റെയും സുഗന്ധ ലേപനങ്ങളുടെയും ധൂപത്തിന്റെയും ലഹരി. ശിവരാത്രി ദിനമായ ഇന്നലെ പ്രയാഗ്‌രാജ് കുംഭമേളയിലേക്ക് ഒഴുകിയെത്തിയത് കോടിക്കണക്കിന് ഭക്തർ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണിയിൽ അവർ മുങ്ങിയുയർന്നു. ജനുവരി 13ന് പൗഷ് പൗർണമി ദിനത്തിൽ ആരംഭിച്ച കുംഭമേള, 45 ദിവസത്തെ പുണ്യസ്‌നാനത്തോടെ കൊടിയിറങ്ങിയപ്പോൾ ചരിത്രത്തിലും വിശ്വാസികളുടെ ഹൃദയങ്ങളിലും ഒരുപോലെ ഇടംപിടിച്ചു. കുംഭമേള മേഖലയാകെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. പ്രയാഗ്‌രാജിനും സമീപമേഖലയിലെ റെയിൽവേ സ്റ്റേഷനുകളിലും ഉൾപ്പെടെ ക്രമീകരണങ്ങൾ ഒരുക്കി. ശിവരാത്രി പുണ്യം തേടി സ്‌നാനം ചെയ്യവെ, ഹെലികോപ്റ്രറിൽ ഭക്‌തർക്ക് മേൽ പുഷ്‌പവൃഷ്‌ടി നടത്തി. വ്യോമസേന വിമാനങ്ങൾ ത്രിവേണീ സംഗമത്തിന് മുകളിൽ കുതിച്ചുപാഞ്ഞു. 2027ൽ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. പ്രധാനമന്ത്രി നരേന്ദ്രമോദി ഏവർക്കും ശിവരാത്രി ദിന ആശംസകൾ നേർന്നു. മഹാമേളയോട് സഹകരിച്ചവർക്ക് നന്ദി.
പ്രയാഗ്‌രാജിൽ
നിന്ന് കാശിയിലേക്ക്
പ്രയാഗ്‌രാജിൽ തമ്പടിച്ചിരുന്ന സന്യാസിമാരുടെ സംഘം ശിവരാത്രി ദിവസത്തെ സ്‌നാനത്തിന് ശേഷം കാശിയിലേക്ക് (വാരാണസി) പോയി. 10,000 നാഗാ സന്യാസിമാർ ഉൾപ്പെടെയുള്ള സംഘം വൻ ഘോഷയാത്രയായിട്ടാണ് കുംഭമേളയിൽ നിന്ന് മടങ്ങിയത്. ത്രിശൂലം, വാൾ, ഗദ തുടങ്ങിയവ കൈകളിലേന്തിയ സന്യാസിമാർ പാട്ടു പാടിയും നൃത്തം ചെയ്‌തും കാശിയുടെ തെരുവുകളിലൂടെ നീങ്ങി. കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്യാസിമാരെ സ്വീകരിച്ചു. അഭൂതപൂർവമായ തിരക്കായിരുന്നു ഇന്നലെ കാശിയിലും. 25 ലക്ഷത്തിൽപ്പരം തീർത്ഥാടകരാണ് പുണ്യം തേടിയെത്തിയത്. ഇത് സർവകലാ റെക്കോഡ് ആണെന്നാണ് റിപ്പോർട്ടുകൾ.
വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് കുംഭമേള ലോകചരിത്രത്തിൽ ഇടം
പിടിച്ചു.
-യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |