
ചെന്നൈ: മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സീറ്റുകളിൽ എത്ര വർദ്ധനയുണ്ടായാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കും. കോയമ്പത്തൂർ, തിരുവണ്ണാമലൈ, രാമനാഥപുരം പ്രദേശങ്ങളിലെ പാർട്ടി ഓഫീസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കാൻ ബുധനാഴ്ച യോഗം ചേരും. തമിഴ്നാട് ജനത അസ്വസ്ഥരാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു സീറ്റ് പോലും കുറയില്ലെന്ന് ലോക്സഭയിൽ വ്യക്തമാക്കിയതാണ്. അതിൽ സംശയിക്കേണ്ട കാര്യമില്ല.-ഷാ പറഞ്ഞു.
ലോക്സഭാ മണ്ഡല പുനർനിർണയം നടന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ എണ്ണം കുറയുമെന്ന സ്റ്റാലിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ഷാ. 39 മണ്ഡലങ്ങളിൽ എട്ടെണ്ണം വരെ സംസ്ഥാനത്തിന് നഷ്ടമാകുമെന്നും 31 സീറ്റുകളായി കുറയുമെന്നും സ്റ്റാലിൻ ആരോപിച്ചിരുന്നു.
ഡി.എം.കെ ഭരണം തൂത്തെറിയാൻ
സമയമായി ഷാ
രാജ്യദ്രോഹികളായ ഡി.എം.കെയുടെ ഭരണം തമിഴ്നാട്ടിൽ നിന്ന് തൂത്തെറിയാൻ സമയമായി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026ൽ തമിഴ്നാട്ടിൽ പുതിയ യുഗപ്പിറവിക്കായി എൻ.ഡി.എ സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബരാഷ്ട്രീയവും അഴിമതിയും നമ്മൾ അവസാനിപ്പിക്കും. സംസ്ഥാനത്തെ രാജ്യദ്രോഹ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയും.മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി. തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രവർത്തകരോടു പറഞ്ഞു.
തമിഴ്നാട്ടിൽ ഭാഷാവിവാദം കത്തിനിൽക്കുന്നതിനിടെ, തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്ന് അമിത് ഷാ വിശേഷിപ്പിച്ചു. തമിഴ് ഭാഷയിൽ സംസാരിക്കാൻ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. ഹിന്ദി നിർബന്ധമാക്കുന്ന കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഡി.എം.കെയും സ്റ്റാലിനും കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അമിത് ഷായുടെ തന്ത്രപരമായ പ്രസംഗം. '2024 ബി.ജെ.പിക്ക് ചരിത്രപരമായ വർഷമാണ്. മോദി പ്രധാനമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലത്തിന് ശേഷം ആന്ധ്ര പ്രദേശിൽ നമ്മൾ സർക്കാർ രൂപവത്കരിച്ചു. ഡൽഹിയിലും മഹാരാഷ്ട്രയിലും ഹരിയാണയിലും വിജയിച്ചു. ജനങ്ങൾ ബി.ജെ.പിയിൽ കൂടുതൽ വിശ്വാസമർപ്പിക്കുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്'-അമിത് ഷാ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |