SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ എൻജിൻ: മോദി

ueuue

ന്യൂഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ എൻജിനായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യ പ്രതിരോധശേഷി തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. എം.എസ്.എം.ഇ മേഖലയുടെ വളർച്ച എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു മോദി. രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന ഇന്നത്തെ ലോകം ഇന്ത്യയെ വളർച്ചാകേന്ദ്രമായി കാണുന്നു. കൊവിഡ് പ്രതിസന്ധിയിൽ ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായപ്പോൾ ഇന്ത്യ ആഗോള വളർച്ച ത്വരിതപ്പെടുത്തി. ആത്മനിർഭർ ഭാരത് എന്ന ദർശനത്തിലൂന്നിയ പരിഷ്കാരങ്ങൾ വഴിയാണ് അത് നേടിയെടുത്തത്.

വിതരണ ശൃംഖലയിലെ തടസങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങളുണ്ടാക്കാനും വിതരണം ഉറപ്പാക്കാനും വിശ്വസനീയമായ പങ്കാളികളെ ലോകത്തിന് ആവശ്യമാണ്. ഈ ആവശ്യം നിറവേറ്റാൻ ഇന്ത്യക്ക് കഴിയും.

വ്യവസായ ലോകം കാഴ്ചക്കാരായി നിൽക്കാതെ, അവസരങ്ങൾ കണ്ടെത്തണം. സർക്കാർ വ്യവസായത്തോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കാര്യങ്ങൾ എളുപ്പമാണ്. ഓരോ വ്യവസായവും കൂട്ടായി ചുവടുവച്ചാൽ ഗണ്യമായ പുരോഗതി കൈവരിക്കാനാകും.

ആഗോളതലത്തിൽ ആവശ്യക്കാരുള്ളതും ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാകുന്നതുമായവ തിരിച്ചറിഞ്ഞ് കയറ്റുമതി സാദ്ധ്യതയുള്ള രാജ്യങ്ങളെ തന്ത്രപരമായി സമീപിക്കണം. ഓരോ രാജ്യവും ഇന്ത്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇത് പ്രയോജനപ്പെടുത്തണം. ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് സ്ഥിരതയുള്ള നയവും മികച്ച ബിസിനസ് അന്തരീക്ഷവും നിർണായകമാണ്.- മോദി പറഞ്ഞു.

ഇന്ത്യൻ വസ്തുക്കൾക്ക്

ആവശ്യക്കാളേറെ

ഇന്ത്യൻ കളിപ്പാട്ടം, പാദരക്ഷ, തുകൽ വ്യവസായങ്ങൾക്ക് ലോകവിപണിയിൽ മികച്ച സാദ്ധ്യതകളുണ്ട്. പരമ്പരാഗത കരകൗശല വസ്തുക്കളെ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച് വിപണി കയ്യടക്കാം. ഈ മേഖലകളിൽ ഇന്ത്യയ്ക്ക് ആഗോള ചാമ്പ്യനാകാനും കയറ്റുമതിയിൽ വർദ്ധനവുണ്ടാക്കാനും കഴിയും. ഇന്ത്യയുടെ ഉത്പാദന, വ്യാവസായിക വളർച്ചയുടെ നട്ടെല്ലാണ് എം.എസ്.എം.ഇ. മേഖല. ഒരു ദശാബ്ദത്തിലേറെയായി സ്ഥിരതയുള്ള സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ, സാമ്പത്തിക അച്ചടക്കം, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ ഇന്ത്യയ്‌ക്ക് നേട്ടങ്ങൾ സമ്മാനിച്ചു. സ്ഥിരതയും പരിഷ്കാരങ്ങളും വ്യവസായ മേഖലയ്‌ക്ക് ആത്മവിശ്വാസം നൽകി. വരും വർഷങ്ങളിലും സ്ഥിരത തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360