
ന്യൂഡൽഹി: രാജ്യത്തിന്റെ ഭാവിയിലേക്കുള്ള രൂപരേഖയായി വലിയതോതിൽ ജനങ്ങളിൽ നിക്ഷേപം നടത്തുക എന്ന ദർശനമാണ് ഇക്കൊല്ലത്തെ കേന്ദ്ര ബഡ്‌ജറ്റ് ഉൾക്കൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിതര പുരോഗതിക്കായി ശരിയായ ദിശയിൽ ശരിയായ നിക്ഷേപങ്ങൾ നടത്തേണ്ടത് പ്രധാനമാണെന്നും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രബഡ്‌ജറ്റ് പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള വെബിനാറിൽ പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായങ്ങൾ, ജനങ്ങൾ, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നിവയിലുടനീളമുള്ള നിക്ഷേപങ്ങൾക്കാണ് മുൻഗണന നൽകിയത്. വിദ്യാഭ്യാസം, നൈപുണ്യം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലാണ് ജനങ്ങളെ ലക്ഷ്യമിട്ടുള്ള നിക്ഷേപം. ദേശീയ വിദ്യാഭ്യാസ നയം, ഐ.ഐ.ടികളുടെ വിപുലീകരണം, വിദ്യാഭ്യാസ സമ്പ്രദായത്തിൽ സാങ്കേതികവിദ്യയുടെ സംയോജനം, എഐയുടെ പൂർണ്ണ ശേഷി വിനിയോഗം തുടങ്ങിയ സംരംഭങ്ങൾ അതിലേക്കുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിന്റെ ആവശ്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി പൊരുത്തപ്പെടുത്തണം. വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരസ്പരം ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം. യുവാക്കൾക്ക് പ്രായോഗിക പഠനത്തിനുള്ള അവസരങ്ങൾ നൽകണം. 2047 ആകുമ്പോഴേക്കും ഇന്ത്യൻ നഗര ജനസംഖ്യ ഏകദേശം 90 കോടിയിലെത്താൻ ഇടയുള്ളതിനാൽ അതിനനുസരിച്ചുള്ള ആസൂത്രിത നഗരവൽക്കരണം അനിവാര്യമാണ്. ഭരണം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുമാണ് ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ട് പ്രഖ്യാപിച്ചത്. റിയൽ എസ്റ്റേറ്റ്, വ്യാവസായിക മേഖലകൾ ആസൂത്രിതമായ നഗരവൽക്കരണത്തിന് മുൻഗണന നൽകണം.
ഇന്ത്യയെ ആഗോള വിനോദസഞ്ചാര, ക്ഷേമ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.ഹോട്ടൽ, ഗതാഗത വ്യവസായങ്ങൾക്കപ്പുറം മറ്റ് മേഖലകളിലും വിനോദസഞ്ചാരം അവസരങ്ങൾ കൊണ്ടുവരുന്നു. ആരോഗ്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നിക്ഷേപം വരണം. യോഗ, വെൽനസ് ടൂറിസം എന്നിവയുടെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണം.
ഭാവി തലമുറകൾക്ക് ജനിതക വിഭവങ്ങളും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനും ഇന്ത്യയുടെ സസ്യ ജനിതക വിഭവങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ദേശീയ ജീൻ ബാങ്ക് സ്ഥാപിക്കുന്നത്. കൃത്രിമബുദ്ധിക്ക്(എ.ഐ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് നിരവധി ലക്ഷം കോടി രൂപ സംഭാവന ചെയ്യാൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |