
ന്യൂഡൽഹി : ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ പഞ്ചാബിലെ വിപാസന ധ്യാന കേന്ദ്രത്തിലേക്ക് വൻസുരക്ഷാ അകമ്പടിയോടെ യാത്ര ചെയ്തെന്ന് വിമർശിച്ച് ബി.ജെ.പിയും കോൺഗ്രസും . ചൊവ്വാഴ്ച വൈകിട്ടാണ് പത്തു ദിവസത്തെ വിപാസന ധ്യാനത്തിനായി കേജ്രിവാൾ ഹോഷിയാർപൂരിലെ ദമ്മാ ധാജ വിപാസന കേന്ദ്രത്തിലെത്തിയത്. ഭാര്യ സുനിതയും ഒപ്പമുണ്ടായിരുന്നു. സാധാരണക്കാരനെന്ന് നടിക്കുന്ന കേജ്രിവാൾ ഇപ്പോൾ ബുള്ളറ്റ് പ്രൂഫ് ആഡംബര കാറിലാണ് സഞ്ചരിക്കുന്നതെന്ന് ബി.ജെ.പി നേതാവും ഡൽഹിയിലെ പരിസ്ഥിതി മന്ത്രിയുമായ മൻജീന്ദർ സിംഗ് സിർസ കുറ്റപ്പെടുത്തി. പഞ്ചാബ് പൊലീസിലെ നൂറിലേറെ കമാൻഡോകൾ, ആംബുലൻസുകൾ തുടങ്ങി വി.ഐ.പി മഹാരാജാവ് എന്ന നിലയിലാണ് ധ്യാനത്തിന് പോയതെന്നും ചൂണ്ടിക്കാട്ടി.
കേജ്രിവാൾ ആഢംബരത്തിനും അധികാരത്തിനും അടിമയായെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു. താൻ രാജാവാണെന്ന മിഥ്യാധാരണയിലാണ് അദ്ദേഹം ജീവിക്കുന്നത്. ഡൽഹിയിൽ തോറ്റിട്ടും യാഥാർത്ഥ്യത്തിലേക്ക് ഉണർന്നിട്ടില്ലെന്നും പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ വലിയ സുരക്ഷയിലാണ് കേജ്രിവാൾ കറങ്ങി നടക്കുന്നതെന്ന് ആംആദ്മി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന രാജ്യസഭാ എം.പി സ്വാതി മലിവാൾ പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |