
ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ഒഴിപ്പിച്ച ഉത്തരകാശിയിലെ രണ്ട് ഗ്രാമങ്ങളെ എല്ലാവരും മറന്നെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹർസിലിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 1962ൽ ചൈനീസ് ഭീഷണി കാരണം ഗ്രാമവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ അവിടെ ആൾതാമസമില്ലാതായി.
'ഗ്രാമങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. രണ്ട് ഗ്രാമങ്ങളെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും. അതിർത്തി ഗ്രാമങ്ങളെ സർക്കാർ അവസാന ഗ്രാമങ്ങളായല്ല കാണുന്നത്. രാജ്യത്തിന്റെ ആദ്യ ഗ്രാമങ്ങളായാണ്. വിനോദ സഞ്ചാരത്തിലൂന്നിയുള്ള അവയുടെ വികസനമാണ് വൈബ്രന്റ് വില്ലേജ് എന്ന പദ്ധതിയുടെ ലക്ഷ്യം. ഉത്തരകാശിയിലെ പത്ത് ഗ്രാമങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തി."- മോദി പറഞ്ഞു.
ഉത്തരാഖണ്ഡിനെ എല്ലാ സീസണിലും സന്ദർശിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ കേദാർനാഥ്, ഹേമകുണ്ഡ് റോപ് വേ പദ്ധതികൾ ഇത് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഗംഗാ മുഖ്‍വ ദേവി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം ഹർസിലിൽ ട്രെക്ക് ആന്റ് ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |