
ന്യൂഡൽഹി: വയനാട് ധനസഹായത്തിന്റെ കാലാവധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തയാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് അറിയിച്ചു. വയനാടിനായി പ്രഖ്യാപിച്ച 525 കോടിയുടെ സഹായം മാർച്ച് 31 മുമ്പ് പൂർണ്ണമായി ചെലഴിക്കാൻ സാധിക്കാത്ത സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കും.
സി.പി.എം പി.ബി, കേന്ദ്ര കമ്മിറ്റി യോഗത്തിനായി മുഖ്യമന്ത്രി ഡൽഹിയിലെത്തുമ്പോഴാകും കൂടിക്കാഴ്ച. ഇതിന് മുന്നോടിയായി കെ.വി.തോമസ് ഇന്നലെ ധനമന്ത്രിയെ കണ്ടു.
കേരളത്തിന്റെ വികസന മേഖലകൾക്ക് മെച്ചപ്പെട്ട സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് തീരുമാനം എടുക്കുമെന്ന് നിർമ്മലാ സീതാരാമൻ അറിയിച്ചെന്ന് കെ.വി.തോമസ് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്രസാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും അറിയിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. ആശാവർക്കർമാർക്കുള്ള സഹായവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ രേഖാമൂലം നൽകാൻ കേന്ദ്രധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത് ഇത് നൽകുമെന്നും കെ.വി.തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |