SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

പ്രകോപിപ്പിക്കുന്ന വാക്കുകളിൽ അഭിഭാഷക - ജഡ്‌ജി സംഘർഷം

eee

ന്യൂഡൽഹി : സുപ്രീംകോടതി മുതൽ മജിസ്ട്രേട്ട് കോടതി വരെ നടക്കാറുണ്ട് അഭിഭാഷക-ജഡ്‌ജി വാക്പോര്.

2023 മാർച്ചിൽ, കോടതി നടപടികൾക്കിടെ പ്രകോപനപരമായി സംസാരിച്ച സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് വികാസ് സിംഗിനെ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പരസ്യമായി ശാസിച്ചിരുന്നു. അഭിഭാഷകർക്ക് ചേംബർ ബ്ലോക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടവെയാണ് ജഡ്‌ജിയും അഭിഭാഷകനും കൊമ്പുകോർത്തത്. അടിയന്തരമായി പരിഗണിക്കാനാകില്ലെന്നും, ക്രമപ്രകാരം ലിസ്റ്റ് ചെയ്‌ത് വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതിനോട് അസോസിയേഷൻ പ്രസിഡന്റ് പരുഷമായി പ്രതികരിച്ചു. ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും ഇത്തരം പ്രവൃത്തികൾ അനുവദിച്ചു തരില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്‌ട്രീയ അജൻഡകൾ കോടതിക്ക് പുറത്ത് മതിയെന്നും ശാസിച്ചു. പിന്നീട്, മുതിർന്ന അഭിഭാഷകരായ കപിൽ സിബലും, എൻ.കെ. കൗളും കോടതിയിലെത്തി മാപ്പു പറഞ്ഞാണ് രംഗം ശാന്തമാക്കിയത്.

ജഡ്‌ജിമാരുടെ ബന്ധുക്കൾക്ക് സീനിയർ അഭിഭാഷക പദവി നൽകുന്നുവെന്ന് ആരോപിച്ച മലയാളി അഭിഭാഷകനായ മാത്യൂസ് ജെ. നെടുമ്പാറയ്‌ക്കും കിട്ടി സുപ്രീംകോടതി ശകാരം. ചില ജഡ്‌ജിമാരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സീനിയർ അഭിഭാഷകരാണെന്ന് ആരോപിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. ജുഡിഷ്യറിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമപ്രകാരം ഉചിതമായ നടപടിയെടുക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പും നൽകി. ജനുവരി രണ്ടിനായിരുന്നു കോടതി മുറിയിലെ വാഗ്വാദം.

 മാപ്പു പറഞ്ഞ് രക്ഷപ്പെട്ടു

2024 സെപ്‌തംബറിൽ കർണാടക ഹൈക്കോടതി ജഡ്‌ജി ശ്രീഷനന്ദ സിറ്റിംഗിനിടെ അഭിഭാഷകയോട് മോശം പരാമർശം നടത്തുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. എതിർകക്ഷിയെ കുറിച്ച് അഭിഭാഷകയ്‌ക്ക് വളരെയധികം കാര്യങ്ങൾ അറിയാമല്ലോയെന്നും, അയാളുടെ അടിവസ്ത്രത്തിന്റെ നിറംപോലും വെളിപ്പെടുത്തിയേക്കും എന്നായിരുന്നു ജഡ്‌ജിയുടെ കമന്റ്. മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് അടക്കം നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. സുപ്രീംകോടതി സ്വമേധയാ ഇടപെട്ടു. തുറന്നകോടതിയിൽ അഭിഭാഷകരോട് മാപ്പു പറഞ്ഞാണ് ജഡ്‌ജി നടപടികളിൽ നിന്ന് രക്ഷപ്പെട്ടത്. ബാറും ബെഞ്ചും തമ്മിൽ സംഘർഷം പതിവാകുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെടലാവശ്യപ്പെട്ട് ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360