
ചെന്നൈ: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് കഴിഞ്ഞദിവസം അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എ.ആർ. റഹ്മാന്റെ ആരോഗ്യനില തൃപ്തികരം. അദ്ദേഹം സുഖമായിരിക്കുന്നെന്നും ആശുപത്രി വിട്ടെന്നും അധികൃതർ അറിയിച്ചു. നോമ്പെടുത്തതിനെത്തുടർന്നുള്ള നിർജ്ജലീകരണമാണ് ആരോഗ്യനിലയെ ബാധിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പതിവ് പരിശോധനകൾ മാത്രമാണ് നടത്തിയതെന്നും പിതാവ് സുഖമായിട്ടിരിക്കുന്നുവെന്നും മകൻ അമീൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
അഭ്യുദയകാംക്ഷികൾക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുമായി സംസാരിച്ചെന്നും റഹ്മാന് കുഴപ്പൊന്നുമില്ലെന്ന് അവർ പറഞ്ഞതായും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി ലണ്ടനിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് റഹ്മാന്റെ ആരോഗ്യസ്ഥിതി മോശമായത്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
വിവാഹ മോചിതരായിട്ടില്ല
എ.ആർ. റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി സൈറ ബാനു. വിവാഹമോചിതരായിട്ടില്ലെന്നും വേർപിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണിത്. തന്റെ ആരോഗ്യപ്രശ്നങ്ങളാണ് പിരിയാൻ കാരണമെന്നാണ് സൈറ പറഞ്ഞത്.
'അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ. ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല. ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണ്. കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് സുഖമില്ലാത്തതിനാൽ ഞങ്ങൾ വേർപിരിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ ദയവായി 'മുൻ ഭാര്യ' എന്ന് പറയരുത്. എന്റെ പ്രാർത്ഥന എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. ദയവായി അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കരുത്, നന്നായി പരിപാലിക്കണം. നന്ദി - സൈറ കുറിച്ചു."
അടുത്തിടെ സൈറ ബാനുവിനെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. പിന്തുണ നൽകിയ റഹ്മാന് സൈറ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
1995ലാണ് സംഗീതജ്ഞനായ എ.ആർ. റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. ഖദീജ, റഹീമ, അമീൻ എന്നീ മൂന്നുമക്കളാണ് ദമ്പതിമാർക്കുള്ളത്. കഴിഞ്ഞ നവംബറിലാണ് റഹ്മാനുമായുള്ള ബന്ധംവേർപിരിയുകയാണെന്ന് സൈറ അറിയിച്ചത്. അടുക്കാനാവാത്തവിധം അകന്നുപോയെന്ന് പറഞ്ഞുള്ള കുറിപ്പോടെയാണ് വിവാഹമോചന കാര്യം സൈറ പങ്കുവച്ചത്. പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി റഹ്മാനും വിവരം അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |