
ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിലെ (ടാസ്‌മാക്) സാമ്പത്തിക ക്രമക്കേടിൽ പ്രതിഷേധിക്കാനൊരുങ്ങിയ ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ ഉൾപ്പെ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ എഗ്മോറിലെ ടാസ്‌മാക് ഹെഡ് ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്താനായിരുന്നു ബി.ജെ.പി പദ്ധതിയിട്ടിരുന്നത്.
സമരത്തിനായി അക്കരൈയിലെ വീട്ടിൽനിന്ന് പുറപ്പെട്ട അണ്ണാമലൈ ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും തടഞ്ഞ് അറസ്റ്റു ചെയ്യുകയായിരുന്നു. തെലങ്കാന മുൻഗവർണർ കൂടിയായ തമിഴിസൈ സൗന്ദർരാജൻ സാലിഗ്രാമത്തിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ അറസ്റ്റു ചെയ്തു. മഹിളാ മോർച്ചയുടെ ദേശീയ അദ്ധ്യക്ഷയും എം.എൽ.എയുമായ വാനതി ശ്രീനിവാസൻ, മറ്റൊരു എം.എൽ.എ സി.സരസ്വതി, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തുടങ്ങിയവരേയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11ന് നടക്കേണ്ടിയിരുന്ന പ്രതിഷേധമാണ് പൊലീസ് തടഞ്ഞത്. രാജരത്തിനം സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകരെയും അറസ്റ്റു ചെയ്തു.
സമരം നേരത്തേ പ്രഖ്യാപിച്ചതു കൊണ്ടല്ലേ ഈ നാടകം. തീയതി പ്രഖ്യാപിക്കാതെ ഞങ്ങൾ പ്രതിഷേധം ആരംഭിച്ചാൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും
- അണ്ണാമലെ
1000 കോടിയുടെ ക്രമക്കേട്
മാർച്ച് 13ന് ടാസ്‌മാക് ആസ്ഥാനത്തെ ഇ.ഡി റെയ്ഡിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 1000 കോടിയുടെ കണക്കിൽപെടാത്ത ഇടപാടുകൾ നടന്നെന്നായിരുന്നു ആരോപണം. തുടർന്നാണ് ബി.ജെ.പി സമരമാരംഭിച്ചത്. അഴിമതി ആരോപണം തമിഴ്‌നാട് എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജി നിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |