SignIn
Kerala Kaumudi Online
Thursday, 22 October 2026 9.03 PM IST

ജസ്റ്റിസ് യശ്വന്ത് വർമ്മ വിവാദം പിടിമുറുക്കാൻ കേന്ദ്രം; ജാഗ്രതയോടെ പ്രതിപക്ഷം

justice-yashwant-varma

ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി,ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനത്തിൽ നിയമനിർമ്മാണത്തിനുള്ള നീക്കം ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. ഇന്നലെ ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗ്‌ദീപ് ധൻകർ സർവകക്ഷിയോഗം വിളിച്ചുചേർത്ത് പ്രതിപക്ഷപാർട്ടി നേതാക്കളുടെ ഉൾപ്പെടെ അഭിപ്രായം തേടിയത് ഇതിന്റെ ഭാഗമാണ്. സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ നാഷണൽ ജുഡിഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മിഷൻ നിയമത്തിലെ വ്യവസ്ഥകൾ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നതിലാണ് പ്രധാനമായും ചർച്ച. ജാഗ്രതയോടെയാണ് കേന്ദ്രനീക്കത്തെ പ്രതിപക്ഷം സമീപിക്കുന്നത്. എന്തു പദ്ധതിയാണ് ആലോചിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതറിഞ്ഞശേഷം പ്രതികരിക്കുമെന്നും വ്യക്തമാക്കി. വീണ്ടും സർവകക്ഷിയോഗം ചേരാമെന്ന ധാരണയിൽ ഇന്നലെ പിരിഞ്ഞു. ഇതിനിടെ,കേന്ദ്രം നേരിട്ട് സർവകക്ഷിയോഗം വിളിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ആഴത്തിൽ അന്വേഷണം

ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയോട് ചേർന്ന സ്റ്റോർ റൂമിൽ വൻനോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു,ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ,കർണാടക ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അനു ശിവരാമൻ എന്നിവരടങ്ങിയതാണ് സമിതി. ഉച്ചയ്‌ക്ക് ഒരു മണിയോടെ ജഡ്‌ജിയുടെ 30,ഡൽഹി തുഗ്ലക് ക്രെസന്റ് റോഡിലെ വസതിയിലെത്തിയ സമിതി അംഗങ്ങൾ 45 മിനുട്ടോളം അവിടെ ചെലവഴിച്ചു.

യശ്വന്തിന്റെ മൊഴിയെടുത്തു. തീപടർന്ന സ്റ്റോർ റൂം കണ്ടു. ജഡ്‌ജിയുടെ കോൾവിവരങ്ങൾ ശേഖരിച്ചു. കത്തിക്കരിഞ്ഞ നോട്ടുകൂമ്പാരം അവിടെ നിന്ന് മാറ്റിയതിൽ വിശദീകരണം തേടി. അഗ്നിശമന സേനാംഗങ്ങൾ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വിവരങ്ങൾ തേടി. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌ത മൊബൈൽ ഫോണുകൾ സമിതിക്ക് ഉദ്യോഗസ്ഥർ കൈമാറിയെന്നാണ് വിവരം. അവ ഫൊറൻസിക് പരിശോധനയ്‌ക്ക് അയക്കും. താനോ ജീവനക്കാരോ പണം സ്റ്രോർ റൂമിൽ നിന്ന് മാറ്റിയിട്ടില്ലെന്ന വിശദീകരണം യശ്വന്ത് ആവർത്തിച്ചുവെന്നാണ് സൂചന.

അലഹബാദിൽ പ്രതിഷേധച്ചൂട്


യശ്വന്ത് വ‌ർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാനുള്ള സുപ്രീംകോടതി കൊളീജിയം തീരുമാനത്തിനെതിരെ അവിടുത്തെ ബാർ അസോസിയേഷൻ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. ഇന്നലെ കടുത്ത പ്രതിഷേധമാണ് അഭിഭാഷകർ ഉയർത്തിയത്. ജഡ്‌ജിയെ ഇംപീച്ച് ചെയ്യണമെന്ന് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ,മൂന്നംഗസമിതിയുടെ റിപ്പോർട്ട് വരട്ടെയെന്ന നിലപാടാണ് ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ. ഹരിഹരൻ അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360