SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: 17 മാവോയ്സ്റ്റുകൾ കൊല്ലപ്പെട്ടു 4 ജവാൻമാർക്ക് പരിക്ക്

d

റായ്പൂർ: ഛത്തീസ്ഗഢിലെ സുഖ്മയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഡി.ആർ.ജി സേനയിലെ മൂന്ന് പേർക്കും ഒരു സി.ആർ.പി.എഫ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. ഇവരുടെ നില തൃപ്തികരമാണ്. കൊല്ലപ്പെട്ടവരിൽ 11 വനിതാ കേഡർമാരും ഒരു മുതിർന്ന റാങ്കിലുള്ള മാവോയിസ്റ്റ് കമാൻഡറുമാണ് ഉള്ളത്. കെർലാപാൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ രാവിലെ 8 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി),സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) എന്നീ ഫോഴ്സുകൾ പങ്കെടുത്തു.

എ.കെ 47,സെൽഫ് ലോഡിംഗ് റൈഫിൾ (എസ്.എൽ.ആർ),ഇൻസാസ്,303 റൈഫിൾ,റോക്കറ്റ് ലോഞ്ചർ,ബാരൽ ഗ്രനേഡ് ലോഞ്ചർ (ബി.ജി.എൽ),സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വലിയ ആയുധശേഖരവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് ഓപ്പറേഷൻ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം,സുക്മയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഏറ്റുമുട്ടലുകളിൽ ഒന്നാണിതെന്ന് അധികൃതർ പറഞ്ഞു.

നേരത്തെ ഛത്തീസ്​​ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലീസുകാരൻ വീരമൃത്യു വരിക്കുകയും ചെയ്തു. ബിജാപൂർ,കാങ്കർ ജില്ലകളിലായാണ് ഏറ്റുമുട്ടൽ നടന്നത്. ഗം​ഗലൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷാ ഉദ്യോ​​ഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനിലായിരുന്നു ഇത്. കഴിഞ്ഞമാസം ബിജാപൂരിൽ മാത്രം 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ഇന്ദ്രാവതി നാഷണൽ പാർക്ക് ഏരിയയിൽ ഉൾവനത്തിൽ സുരക്ഷാ സംഘം നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഏറ്റവും പുതിയ നടപടിയോടെ,ഈ വർഷം ഇതുവരെ സംസ്ഥാനത്ത് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 132 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിലാസ്പൂർ ജില്ല സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ സംഭവവികാസം.

അഭിനന്ദിച്ച് അമിത് ഷാ


സുക്മയിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷാ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസത്തിനുള്ള മറ്റൊരു നിർണായക പ്രഹരമാണിതെന്നും 2026 മാർച്ച് 31നകം മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,ആയുധങ്ങളും അക്രമവും മാറ്റത്തിന് കാരണമാകില്ലെന്നും സമാധാനത്തിനും വികസനത്തിനും മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360