
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ പാർലമെന്റിൽ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസാരിക്കേണ്ട സമയത്ത് രാഹുൽ വിയറ്റ്‌നാമിൽ ആയിരുന്നു. നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് പാർലമെന്റ് പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിൽ കഴിയുന്ന കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നത് പോലെ ആവശ്യമുള്ളപ്പോഴെല്ലാം സംസാരിക്കാൻ കഴിയുന്ന ഇടമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ ഗൗരവമേറിയ ഒരു ചർച്ച നടക്കുമ്പോൾ,അദ്ദേഹം വിയറ്റ്നാമിലായിരുന്നു,തിരിച്ചെത്തിയപ്പോൾ,തന്റെ ആഗ്രഹപ്രകാരം സംസാരിക്കണമെന്ന് നിർബന്ധിക്കാൻ തുടങ്ങി. ഖേദത്തോടെ പറയട്ടെ അവിടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചേ പറ്റൂ. പ്രതിപക്ഷ നേതാവിന് സഭയിൽ സംസാരിക്കാൻ നിയമങ്ങളും ചട്ടങ്ങളമുണ്ട്. അത് അദ്ദേഹത്തിന് അറിയില്ലായിരിക്കാം. ബഡ്‌ജറ്റ് ചർച്ചയിൽ അദ്ദേഹത്തിന് 42 ശതമാനം സമയം നൽകി.
കർണാടക സർക്കാരിനെതിരെയും
കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്ളിം കരാറുകാർക്ക് 4 ശതമാനം സംവരണം പ്രഖ്യാപിച്ചത് ഒരു 'ലോലിപോപ്പ്' ആണെന്നും ഷാ വിശേഷിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ ലംഘനമാണ്. അത് കോടതി റദ്ദാക്കും. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന കോൺഗ്രസിന്റെ ആരോപണം തള്ളിയ ഷാ അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് നേതാക്കൾ ജയിലിലാകുമായിരുന്നു എന്നും പറഞ്ഞു. ജാതി സെൻസസ് സംബന്ധിച്ച് സർക്കാർ ഒരു ആന്തരിക വിശകലനം നടത്തുകയാണെന്നും ഷാ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |