
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായുള്ള ശീതയുദ്ധത്തിൽ സുപ്രീംകോടതി വിധി ഗവർണർ ആർ.എൻ.രവിക്ക് പ്രഹരമായി.
ബില്ലുകൾ തടഞ്ഞു വയ്‌ക്കാൻ തനിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്നായിരുന്നു ഗവർണറുടെ വാദം. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ 2023ൽ സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്ര സർക്കാരിന്റെ വക്താവായി ഗവർണർ പ്രവർത്തിക്കുന്നുവെന്നാണ് ഡി.എം.കെയുടെ മുഖ്യ ആക്ഷേപം.രവിയെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കുമെന്നും സൂചനയുണ്ട്.
ചരിത്ര വിധിയെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിശേഷിപ്പിച്ചത്. കേരളം, പഞ്ചാബ്, തെലങ്കാന സർക്കാരുകളും ഗവർണർക്കെതിരെ സുപ്രീംകോടതിയിലെത്തിയിരുന്നു.
പത്തു ബില്ലുകളിൽ
ചാൻസലർ പദവിയും
കേരളത്തിലേതുപോലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറച്ചത് അടക്കമുള്ള പത്തു ബില്ലുകളാണ് ആർ.എൻ.രവി ദീർഘകാലം തടഞ്ഞുവച്ചശേഷം രാഷ്‌ട്രപതിക്ക് അയച്ചത്.
2020 ജനുവരിക്കും 2023 ഏപ്രിലിനും ഇടയിൽ പാസാക്കിയവയാണിത്.
അഴിമതി വിരുദ്ധ നടപടികൾ, പൊതുനിയമനങ്ങൾ, തടവുകാരെ നേരത്തെ മോചിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റു ബില്ലുകൾ.
തമിഴ്‌നാട് ഫിഷറീസ് സർവകലാശാലയിലും തമിഴ്‌നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലും ഘടനാപരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ അണ്ണാ ഡി.എം.കെ സർക്കാർ 2020 ജനുവരിയിൽ പാസാക്കിയ ബില്ലുമുണ്ട്. 38 തടവുകാരുടെ മോചനത്തിനുള്ള ബിൽ തടഞ്ഞത് രാഷ്‌ട്രീയമാണെന്ന് ഡി.എം.കെ ആരോപിച്ചിരുന്നു. പട്ടികയിൽ 16 മുസ്ലിം തടവുകാരുമുണ്ടായിരുന്നു.
രാജ്ഭവനുകളിൽ ബില്ലുകൾ കെട്ടിക്കിടക്കുന്നതിൽ 2023 നവംബറിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. പിന്നാലെ, ഗവർണർ 10 ബില്ലുകളും നിയമസഭയിലേക്ക് തിരിച്ചയച്ചു. നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി അവ പാസാക്കി വീണ്ടും രാജ്ഭവന് നൽകി. 10 ബില്ലുകളും ഗവർണർ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ഒരു ബിൽ പാസാക്കിയ രാഷ്‌ട്രപതി ഏഴെണ്ണം തള്ളി. രണ്ടെണ്ണത്തിൽ തീരുമാനം വന്നില്ല. രാഷ്‌ട്രപതിക്ക് അയച്ച നടപടി അസാധുവാക്കിയ സുപ്രീംകോടതി 10 ബില്ലുകളും പാസായതായി വിധിച്ചു.
ചുമതലയേറ്റ നാൾ മുതൽ ഉടക്ക്
സി.ബി.ഐയിൽ ജോലി ചെയ്‌തിട്ടുള്ള മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ ആർ.എൻ.രവി 2021ൽ ഗവർണറായി ചുമതലയേറ്റതുമുതൽ എം.കെ. സ്റ്റാലിൻ സർക്കാരുമായി ഉടക്കിലാണ്.
കഴിഞ്ഞ വർഷം നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ ഇറങ്ങിപ്പോയിരുന്നു. തമിഴ്നാട്ടിൽ സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ 'തമിഴ് തായ് വാഴ‌്ത്തു എന്ന സംസ്ഥാന ഗാനമാണ് പതിവായി ആലപിക്കുന്നത്. 2023-ൽ, നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കത്തിൽ വിയോജിച്ച് നിയമസഭയെ അഭിസംബോധന ചെയ്യാൻ ഗവർണർ വിസമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |