
ന്യൂഡൽഹി: അഹമ്മദാബാദിലെ നിർണായക വിശാല പ്രവർത്തക സമിതി യോഗത്തിൽ മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭ് ഭായ് പട്ടേലിന്റെയും രാഷ്ട്രീയ പാരമ്പര്യം കോൺഗ്രസിന്റേതാണെന്ന് എടുത്തുപറഞ്ഞ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഗാന്ധിയുടെയും പട്ടേലിന്റെയും പൈതൃകം തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വ്യക്തമാക്കുന്നതായിരുന്നു ഖാർഗെയുടെ പ്രസംഗം. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, സോണിയാഗാന്ധി എന്നിവർക്കൊപ്പം പട്ടേൽ സ്‌മാരകത്തിലെത്തി പുഷ്‌പഹാരം അർപ്പിച്ചതും ശക്തമായ രാഷ്ട്രീയ സന്ദേശം നൽകാനാണ്.
കോൺഗ്രസിന്റെ പേര് ലോകപ്രശസ്‌തമാക്കിയത് ഗാന്ധി, പട്ടേൽ, ദാദാഭായ് നവ്റോജി എന്നീ മൂന്നു പ്രഗത്ഭ വ്യക്തിത്വങ്ങളാണെന്ന് ഖാർഗെ പറഞ്ഞു. അനീതിക്കെതിരെ പോരാടാൻ സത്യവും അഹിംസയും ആയുധങ്ങളായി ഗാന്ധിജി നൽകി. എന്നാലിപ്പോൾ രാജ്യത്ത് സാമുദായിക വിഭജനമുണ്ടാക്കി അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു. പട്ടേലിന്റെയും ആർ.എസ്.എസിന്റെയും ആശയങ്ങൾ എതിർചേരിയിലുള്ളതായിരുന്നു. ആർ.എസ്.എസിനെ പട്ടേൽ നിരോധിക്കുകവരെ ചെയ്‌തു. ആ സംഘടനയുടെ വ്യക്തികൾ തന്നെ ഇപ്പോൾ പട്ടേലിന്റെ പാരമ്പര്യത്തിൽ അവകാശവാദമുന്നയിക്കുന്നത് പരിഹാസ്യമാണ്.
ജവഹർലാൽ നെഹ്റുവിന് പട്ടേലിനെ ബഹുമാനമായിരുന്നു. വ്യക്തിപരമായ ഉപദേശം ആവശ്യമുള്ള സന്ദർഭങ്ങളിൽ നെഹ്റു, പട്ടേലിനെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. പട്ടേലിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തിന്റെ വസതിയിൽ കോൺഗ്രസ് പ്രവർത്തക സമിതി ചേർന്നിട്ടുണ്ട്. അവർ ഒരേ നാണയത്തിന്റെ ഇരുവശവുമായിരുന്നു. ഇതിനെല്ലാം രേഖകളുണ്ട്. എന്നാൽ, നെഹ്റുവും പട്ടേലും ശത്രുക്കളെന്ന് സ്ഥാപിക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുവെന്നും ഖാർഗെ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |